ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡച്ച് ക്രൂയിസ് കപ്പലായ എച്ച്‌വി ഹോണ്ടിയസിൽ ഹാന്റാവൈറസ് പടർന്നു പിടിച്ചതിനെ തുടർന്ന് ഒഴിപ്പിച്ച 20 ബ്രിട്ടീഷ് പൗരന്മാരെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മാഞ്ചസ്റ്ററിൽ എത്തിച്ചു. ടെനെറിഫിൽ നിന്ന് എത്തിയ ഇവരെ മെഴ്‌സിസൈഡിലെ ആരോ പാർക്ക് ആശുപത്രിയിൽ 72 മണിക്കൂർ നിരീക്ഷണത്തിനും ഐസൊലേഷനുമായി പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് ഭീഷണി വളരെ കുറവാണെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യാത്രക്കാരിൽ ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാന്റാവൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച ആറു കേസുകളിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നുണ്ട് . ഇവർ നെതർലൻഡ്സിലും ദക്ഷിണാഫ്രിക്കയിലും ചികിത്സയിലാണ്. എലികളിലൂടെ പകരുന്ന വൈറസുകളുടെ കൂട്ടമായ ഹാന്റാവൈറസിന്റെ വകഭേദമാണ് കപ്പലിൽ കണ്ടെത്തിയത്. ഈ വകഭേദത്തിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷി ഉണ്ടെന്നതാണ് ആശങ്ക ശക്തമാകാൻ കാരണമായത് . കപ്പലിലുണ്ടായിരുന്ന മറ്റൊരു ബ്രിട്ടീഷ് യാത്രക്കാരൻ ട്രിസ്റ്റൻ ഡ കുന്ഹ ദ്വീപിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. അദ്ദേഹത്തെ സഹായിക്കാൻ ബ്രിട്ടീഷ് സൈന്യത്തിലെ പാരാട്രൂപ്പർമാരെയും മെഡിക്കൽ സംഘത്തെയും ദ്വീപിലേക്ക് അയച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രക്കാർക്ക് സ്വതന്ത്ര താമസസൗകര്യവും തുടർച്ചയായ ആരോഗ്യ പരിശോധനയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്തിറങ്ങേണ്ടി വന്നതിനാൽ ഇവർക്കായി പുതിയ വസ്ത്രങ്ങളും മറ്റ് സൗകര്യങ്ങളും നൽകും. 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ഇവർക്ക് വീട്ടിൽ കൂടി 42 ദിവസം സ്വയം ഐസൊലേഷനിൽ തുടരേണ്ടിവരും. പൊതുഗതാഗതം ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ലെന്നും യുകെ ആരോഗ്യ സുരക്ഷാ ഏജൻസി വ്യക്തമാക്കി. 150ഓളം യാത്രക്കാരും ജീവനക്കാരുമായി ഏപ്രിൽ ഒന്നിന് അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച ഹോണ്ടിയസ്, നിരവധി മരണങ്ങളും രോഗബാധകളും റിപ്പോർട്ട് ചെയ്തതോടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.