ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ ഗവേഷണ സർവകലാശാലകളിലൊന്നായ നോട്ടിംഗ്ഹാം സർവകലാശാല വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലേക്ക് കടന്നു . 2,700 ജീവനക്കാരോട് തങ്ങളുടെ ജോലി അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകി കത്ത് നൽകി കഴിഞ്ഞു . നിലവിലെ സാമ്പത്തിക സാഹചര്യം തുടർന്നാൽ 2031ഓടെ സർവകലാശാലയ്ക്ക് സാമ്പത്തികമായി തകർച്ച നേരിടേണ്ടിവരുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

600ലധികം അധ്യാപക-സഹായക തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. ഫിസിക്സ്, മെഡിസിൻ, ഹെൽത്ത് സയൻസസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുക. അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ ഇടിവും ധനസഹായത്തിലെ കുറവും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് സർവകലാശാലയുടെ വിശദീകരണം. എന്നാൽ “ക്യാംപസ് വിപുലീകരണ പദ്ധതികൾക്കായി വൻതോതിൽ പണം ചെലവഴിച്ചതും തുടർച്ചയായി പുതിയ കെട്ടിട നിർമാണങ്ങളിൽ നിക്ഷേപം നടത്തിയതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ ആരോപിച്ചു.വൈസ് ചാൻസലർ ജെയ്ൻ നോർമനെതിരെ യൂണിയൻ അവിശ്വാസ പ്രമേയവും പാസാക്കിയിട്ടുണ്ട്.

പിരിച്ചുവിടൽ സർവകലാശാലയുടെ ആഗോള നിലവാരത്തെയും ഭാവി വിദ്യാർഥി പ്രവേശനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് അധ്യാപകർ മുന്നറിയിപ്പ് നൽകി. നിരവധി അധ്യാപകരും സാങ്കേതിക ജീവനക്കാരും പുറത്തു പോകേണ്ടി വന്നാൽ ഗവേഷണ-പഠന നിലവാരം തകരുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനിടെ യൂണിയൻ അംഗങ്ങൾ മൂല്യനിർണയ ബഹിഷ്കരണത്തിനും തയ്യാറെടുക്കുന്നതായി അറിയിച്ചിട്ടുണ്ട്.











Leave a Reply