തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമായതോടെ കോൺഗ്രസിന് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി മന്ത്രിസഭാ രൂപീകരണമാണ്. സമുദായ-ഘടകകക്ഷി സമവാക്യങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മന്ത്രിസ്ഥാനങ്ങൾ വിഭജിക്കേണ്ടതും യുവതലമുറയ്ക്കും വനിതകൾക്കും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതും നേതൃത്വത്തിന് കടുത്ത പരീക്ഷണമായി മാറും. അതേസമയം സീനിയോറിറ്റിയും സംഘടനാ ബാലൻസും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാർട്ടിയെ സമ്മർദത്തിലാക്കുന്നുണ്ട്.

മന്ത്രിസഭാ രൂപീകരണത്തിൽ ഏറ്റവും വലിയ പ്രതിസന്ധി രമേശ് ചെന്നിത്തലയുടെ നിലപാടാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലവട്ടം പരിഗണിക്കപ്പെട്ടിരുന്ന അദ്ദേഹത്തെ എങ്ങനെ അനുനയിപ്പിക്കുമെന്നതാണ് ഹൈക്കമാൻഡിന്റെ തലവേദന. സ്പീക്കർ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുവെന്ന സൂചനകൾ ഉണ്ടെങ്കിലും സീനിയോറിറ്റി കണക്കിലെടുത്ത് അദ്ദേഹം അതിന് തയ്യാറാകാൻ സാധ്യത കുറവാണെന്നാണ് നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഹൈക്കമാൻഡിനോട് വിയോജിപ്പ് അറിയിച്ച ചെന്നിത്തല നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിലേക്കില്ലെന്ന നിലപാടും സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാന വകുപ്പുകളോ ക്യാബിനറ്റ് റാങ്കോടെയുള്ള പദവികളോ നൽകി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള സാധ്യതയും നേതൃത്വത്തിൽ ചർച്ചയിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മന്ത്രിസഭയിൽ സമുദായ ബാലൻസിങ് ഉറപ്പാക്കുന്നതും കോൺഗ്രസിന് നിർണായകമാകും. നായർ, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി പാലിക്കേണ്ട സാഹചര്യമാണുള്ളത്. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർ മന്ത്രിസഭയിലെത്തിയാൽ നായർ പ്രാതിനിധ്യം കൂടുതലാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. കൊല്ലത്തുനിന്ന് ബിന്ദുകൃഷ്ണയ്ക്ക് മന്ത്രിസാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം കെ.സി. വേണുഗോപാൽ-ചെന്നിത്തല വിഭാഗങ്ങളുടെ അവകാശവാദങ്ങളും മന്ത്രിസഭാ ചർച്ചകളെ സങ്കീർണ്ണമാക്കുന്നു. ആകെ 21 അംഗ മന്ത്രിസഭയിൽ 10 മുതൽ 11 പേർ വരെ ഘടകകക്ഷികളിൽ നിന്നായിരിക്കുമെന്നാണ് സൂചന. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം കൂടാതെ ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി ജോൺ എന്നിവരും മന്ത്രിസഭയിലെത്താൻ സാധ്യതയുള്ളവരിൽപ്പെടുന്നു.