ഡോ. ഐഷ വി

നാട്ടിലെ ക്ലബ്ബുകൾ ഓണം വിപുലമായി ആഘോഷിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഒരോണക്കാലം. ഞങ്ങൾ താമസിക്കുന്ന പ്രദേശത്തെ പല സ്ത്രീകളും കുട്ടികളും ഉച്ചയ്ക്ക് സദ്യയുണ്ട ശേഷം തുണ്ടിൽ വീട്ടിലൊത്തുകൂടി ഓണവിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. അച് ഛനെ പേടിയായിരുന്നതു കൊണ്ടും ഞങ്ങളുടെ വീട്ടിലും ലക്ഷ്മി അച്ചാമ്മയുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാലും മറ്റു വീടുകളിൽ കളിക്കാൻ പോകുന്ന പതിവ് ഞങ്ങൾക്കില്ലായിരുന്നു. രാവിലെ തന്നെ വീട്ടിൽ കുട്ടികളോടൊപ്പം അച് ഛനും ഓണക്കളികൾ തിമർത്തുകളിച്ചതിനാൽ ഉച്ചയ്ക്ക് ഓണസദ്യയ്ക്ക് ശേഷം അച്ഛൻ ഒരുച്ച മയക്കത്തിനു ശേഷം കളിക്കാമെന്ന് പറഞ്ഞു വീടിനകത്തേയ്ക്ക് പോയി. അപ്പോഴാണ് ശ്രീദേവി അപ്പച്ചിയുടെ മകൾ ലീന , തുണ്ടിൽ വീട്ടിൽ നല്ല ഓണാഘോഷമാണെന്ന് പറഞ്ഞ് എന്നെയും കൂട്ടി ആ വീട്ടിലേയ്ക്ക് പോയത്.

ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തായി ഒരു പറമ്പ് കഴിഞ്ഞാണ് തുണ്ടിൽ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കമാണെങ്കിലും തുണ്ടിൽ വീട്ടിലെ ആരെയും അന്നെനിയ്ക്ക് പരിചയമില്ലായിരുന്നു. ഞാനും ലീനയും കൂടി തുണ്ടിൽ വീട്ടിലെത്തി. ഞാനാദ്യമായാണ് അവിടെയെത്തിയത്. അവിടെത്തിയപ്പോൾ മുറ്റം നിറയെ ആൾക്കാർ . സ്ത്രീകളും കുട്ടികളുമാണ് ഭൂരിഭാഗവും പുരുഷന്മാർ ഇടവഴിയിൽ പലയിടത്തായി പലവിധ കളികളിൽ ഏർപ്പെട്ടിരിയ്ക്കുകയാണ് . ഞങ്ങൾ കേറി ചെല്ലുമ്പോൾ തന്നെ സ്ത്രീകളുടെ പാട്ടുകേൾക്കാമായിരുന്നു. “ആരെ കൈയ്യിലാരെ കൈയിലാ മാണിക്യ ചെമ്പഴുക്ക ?
ആ കൈയ്യിലീ കൈയിലാമാണിക്യ ചെമ്പഴുക്ക ?
എന്റെ വലം കൈയിലോ മാണിക്യചെമ്പഴുക്ക .?”… പാട്ടും കളികളും അങ്ങനെ നീണ്ടു. ഞങ്ങൾ ചെല്ലുമ്പോൾ തുണ്ടിൽ വീട്ടിലെ ഗൃഹനാഥയായ ചെല്ലമ്മ അക്കയും ഭർത്താവും ഉമ്മറത്തു തന്നെ ഓണവിനോദങ്ങൾ കണ്ടാസ്വദിച്ചിരിക്കയായിരുന്നു.

തുണ്ടിൽ വീട്ടിലെ ചെല്ലമ്മ അക്കയുടെ മക്കളെ അവിടൊക്കെ കണ്ടപ്പോൾ ലീന എനിക്കവരുടെ പേരുകൾ പറഞ്ഞു തന്നു. ചെല്ലമ്മ അക്കയുടെ മക്കളെല്ലാം “‘ പൂപോലെ യഴകുള്ളവർ ആയിരുന്നു” എന്നു വേണം പറയാൻ. കുറേ പാട്ടും കുരവയുമൊക്കെ കഴിഞ്ഞപ്പോൾ സ്ത്രീകൾ തുമ്പിതുള്ളൽ നടത്താൻ പദ്ധതിയിട്ടു. തുമ്പിയായി എന്നേക്കാൾ മുതിർന്ന ഒരു കുട്ടിയെ നടുക്കിരുത്തി സ്ത്രീകൾ ചുറ്റും വട്ടമിട്ടിരുന്നു. “എന്തേ തുമ്പീ തുള്ളാത്തേ… ” എന്നു തുടങ്ങുന്ന പാട്ട് സ്ത്രീകൾ പാടാൻ തുടങ്ങി. പാട്ടങ്ങിനെ നീണ്ടപ്പോൾ തുമ്പി തെങ്ങിൻ പൂക്കുല തലയിൽ ചേർത്ത് പിടിച്ച് തുള്ളാൻ തുടങ്ങി. അപ്പോഴാണ് ഞങ്ങളുടെ അടുത്തു നിന്ന ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് തുമ്പിയായിരിക്കുന്ന കുട്ടിയേതാണെന്ന് അന്വേഷിച്ചത്. അതാ ” കുതിര കോവാലന്റെ” മകൾ ബാലമ്മയാണ്.. മറ്റേ സ്ത്രീ പറഞ്ഞു. ശ്രീമാൻ ഗോപാലൽ കുതിരയെ വളർത്തിയിരുന്ന ആളാണ്. അങ്ങനെയാണ് ആ പേരു വീണത്. തുമ്പി തിമർത്തു തുള്ളി ക്കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നും സ്ഥലം വിട്ടു. അച്ഛന്റെ ഉച്ചയുറക്കത്തിന്റെ ദൈർഘ്യത്തെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നതിനാൽ അച്ഛൻ ഉണരുന്നതിന് മുമ്പ് ഞങ്ങൾ തിരിച്ചെത്തി. കറക്ട് ടൈമിംഗ്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.