ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിനായിരങ്ങൾ അണിനിരന്ന രണ്ട് വൻ പ്രതിഷേധ റാലികൾ കടുത്ത സുരക്ഷാ വലയത്തിനിടെ ലണ്ടനിൽ ശനിയാഴ്ച നടന്നു. തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ നയിച്ച ‘യുണൈറ്റ് ദ കിംഗ്ഡം’ റാലിയും, പലസ്തീൻ അനുകൂലികളുടെ ‘നഖ്ബ ദിന’ പ്രതിഷേധവുമാണ് നഗരമധ്യത്തിൽ നേർക്കുനേർ എത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് 4,000ത്തിലേറെ പൊലീസുകാരെ വിന്യസിച്ച മെട്രോപൊളിറ്റൻ പൊലീസ് ഡ്രോണുകളും കുതിരസേനയും ഉൾപ്പെടെ വൻ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയത്.

ബ്രിട്ടീഷ് പതാകകളും “മേക്ക് ഇംഗ്ലണ്ട് ഗ്രേറ്റ് അഗെയിൻ” തൊപ്പികളും അണിഞ്ഞെത്തിയ പ്രതിഷേധക്കാർ പ്രധാനമന്ത്രികെയർ സ്റ്റാർമർക്കെതിരെ മുദ്രാവാക്യം മുഴക്കിയപ്പോൾ, മറുവശത്ത് പലസ്തീൻ അനുകൂലികൾ “ഫ്രീ പലസ്തീൻ”, “സ്മാഷ് ദ ഫാർ റൈറ്റ്” തുടങ്ങിയ ബാനറുകളുമായാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മുൻ ലേബർ നേതാവ് ജെറമി കോർബിൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റാലിയിൽ തീവ്ര വലതുപക്ഷത്തെ ചെറുക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

പ്രതിഷേധങ്ങൾ വലിയ അക്രമങ്ങളില്ലാതെ അവസാനിച്ചെങ്കിലും വിവിധ സംഭവങ്ങളിലായി 43 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകി. ബ്രിട്ടന്റെ ആത്മാവിനായുള്ള പോരാട്ടമാണിതെന്ന് പ്രതികരിച്ച സ്റ്റാർമർ, വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുന്നവരെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി.











Leave a Reply