തിരുവനന്തപുരം: പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നെന്ന പരാതിയുമായി മലയാളി നടി സോനാ മരിയ രംഗത്ത്. ഫോര്‍ സെയില്‍ എന്ന മലയാള സിനിമയിലെ നായികയും മുളന്തുരുത്തി സ്വദേശിയുമാണ് സോനാ മരിയ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ തന്നെ കള്ളക്കേസില്‍ കുടുക്കിയത്. ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എറണാകുളത്തു നിന്നുള്ള ഒരു മന്ത്രിയാണെന്നും സോനാ മരിയ ആരോപിക്കുന്നു. തെലുങ്ക് സിനിമാ സംവിധായകന്‍ എന്ന വ്യാജേന പരിചയപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ഡിവൈന്‍ ജയചന്ദ്രനെതിരേ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു.
ജയചന്ദ്രന്‍ തെലുങ്ക് സിനിമയില്‍ നായിക ആക്കാമെന്നു പറഞ്ഞ് ചെന്നേയിലേക്ക് വിളിച്ചു വരുത്തി അപായപ്പൈടുത്താന്‍ ശ്രമിച്ചു. അവിടെ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്നു സോനാ മരിയ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18നു മരടിലെ ഷോപ്പിങ് മാളില്‍ വച്ച് ഇയാളെ കാണുകയും സുഹൃത്ത് അംജദിന്റെ സഹായത്തോടെ പൊലീസില്‍ ഏല്പിക്കുകയും ചെയ്തു. എന്നാല്‍ ജയചന്ദ്രനെതിരേ കേസ് എടുക്കുന്നതിനു പകരം മരട് പൊലീസ് അംജദിന്റെ പേരില്‍ ബ്ലാക്ക് മെയിലിങ് കേസ് ചാര്‍ജ് ചെയ്തു ജയിലില്‍ അടച്ചു. തമിഴ് നടിയെ ഉപയോഗിച്ച് പ്രമുഖരെ ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു കേസ്.

ജയചന്ദ്രനൊപ്പമുണ്ടായിരുന്ന അഭി എന്ന സ്ത്രീയെ ഈ കേസില്‍ രണ്ടാം പ്രതിയുമാക്കി. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അംജദ് ജയചന്ദ്രനെ ആക്രമിക്കുക ആയിരുന്നെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ പൊലീസിനു ജയചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ അംജദുമായി തനിക്ക് മുന്‍ പരിചയം ഇല്ലെന്നു പറയുന്നു. അതിനുശേഷം തന്റെ വീട്ടില്‍ കയറിയിറങ്ങി പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സോന ആരോപിക്കുന്നു. പൊലീസ് പീഡനത്തിനെതിരേ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസില്‍ താന്‍ മൂന്നാം പ്രതിയാണെന്ന് അറിഞ്ഞത്. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും സോന പറയുന്നു.

.
കള്ളക്കേസില്‍ കുടുക്കിയതിനെതിരേ പരാതിയുമായി എറണാകുളം റെയ്ഞ്ച് ഐജി ആയിരുന്ന അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ജയചന്ദ്രന്‍ പൊലീസ് കസ്റ്റഡിയില്‍ ഉളപ്പോള്‍ പരാതി നല്‍കിയിട്ടു പോലും അയാള്‍ക്കെതിരേ നടപടി എടുത്തില്ല. കൊച്ചി എസിപി ബിജോയ് അലക്‌സാണ് ജയചന്ദ്രനു വേണ്ടി തന്നെയും സുഹൃത്ത് അംജദിനെയും കള്ളക്കേസില്‍ കുടുക്കിയത്. തന്റെ നിരന്തര പരാതിയെ തുടര്‍ന്ന് കേസ് ഇപ്പോള്‍ ്രൈകംബ്രാഞ്ച് അന്വേഷിക്കുകയാണ്. പരാതിയുമായി ആഭ്യന്തരമന്ത്രി, ആഭ്യന്തരസെക്രട്ടറി,ഡിജിപി തുടങ്ങിയവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നാലുതവണ ഡിജിപിക്ക് നേരിട്ടു പരാതി നല്‍കി. ആദ്യം അനുഭാവപൂര്‍വം പെരുമാറിയ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും പിന്നീട് അവഗണിച്ചു. ഉന്നതങ്ങളിലുള്ള ബന്ധം ഉപയോഗിച്ച് പ്രതി ജയചന്ദ്രന്‍ രക്ഷപ്പെടുകയാണ്. വിദ്യാര്‍ഥിനി കൂടിയായ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും പൊലീസും ആഭ്യന്തരവകുപ്പും തനിക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും സോനാ മരിയ പറയുന്നു.

.
ഗള്‍ഫിലെ ബിസിനസ് ഉപേക്ഷിച്ച് സിനിമാ സംവിധാന മോഹവുമായി നാട്ടിലെത്തിയ പ്രവാസി യുവാവിനെ നടി ലക്ഷങ്ങള്‍ കബളിപ്പിച്ചു എന്ന വാര്‍ത്തകള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. പ്രവാസിയെ കബളിപ്പിച്ച നടി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.