ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ആഴ്ചയിൽ 40 മണിക്കൂറിന് മുകളിലുള്ള ഓവർടൈം ജോലിക്കുള്ള വരുമാന നികുതി ഒഴിവാക്കണമെന്ന നിർദേശവുമായി നൈജൽ ഫരാജ് നയിക്കുന്ന റിഫോം യുകെ രംഗത്ത് വന്നു . വാർഷിക വരുമാനം 75,000 പൗണ്ടിൽ താഴെയുള്ള തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് പാർട്ടി വ്യക്തമാക്കി. ‘ഹാർഡ് വർക്ക് ബോണസ്’ പദ്ധതിയിലൂടെ ആഴ്ചയിൽ ആറു മണിക്കൂർ അധികജോലി ചെയ്യുന്ന ഒരു നേഴ്സിന് വർഷത്തിൽ 1,300 പൗണ്ടിലേറെ ലാഭിക്കാമെന്നാണ് പാർട്ടിയുടെ അവകാശവാദം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പദ്ധതി നടപ്പാക്കാൻ വർഷംതോറും ഏകദേശം 5 ബില്യൺ പൗണ്ട് ചെലവ് വരുമെന്നാണ് റിഫോം യുകെയുടെ കണക്ക്. ക്ഷേമപദ്ധതികളിലെ ചെലവുകുറവ് വഴി ഈ തുക കണ്ടെത്താനാകുമെന്ന് പാർട്ടി പറയുന്നു. ജോലി ചെയ്തിട്ടും ജീവിതത്തിൽ പുരോഗതി കാണുന്നില്ലെന്ന ധാരണ സമൂഹത്തിൽ ശക്തമാണെന്നും ഈ നികുതിയിളവ് കൂടുതൽ ആളുകളെ അധികജോലിക്ക് പ്രേരിപ്പിക്കുമെന്നും ഫരാജ് അഭിപ്രായപ്പെട്ടു. 75,000 പൗണ്ട് വരുമാനപരിധി നിശ്ചയിച്ചതിലൂടെ 90 ശതമാനം തൊഴിലാളികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നുമാണ് പാർട്ടി വിശദീകരണം.

അതേസമയം, പദ്ധതിക്കാവശ്യമായ ധനസമാഹരണം എങ്ങനെ സാധ്യമാക്കുമെന്ന ചോദ്യവുമായി ഭരണകക്ഷിയായ ലേബർ പാർട്ടി ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. ആരോഗ്യ പ്രശ്നമുള്ളവർക്കുള്ള ആനുകൂല്യങ്ങൾ അവസാനിപ്പിക്കണമെന്നും യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ക്ഷേമ ബെനിഫിറ്റുകൾ നിഷേധിക്കണമെന്നുമുള്ള മുൻ നിർദേശങ്ങളിൽ നിന്നുള്ള ലാഭമാണ് നികുതിയിളവിന് ഉപയോഗിക്കാനാകുകയെന്നാണ് റിഫോം യുകെയുടെ വാദം. എന്നാൽ വ്യക്തമായ ധനസ്രോതസ്സ് വ്യക്തമാക്കാതെയുള്ള വാഗ്ദാനമാണിതെന്ന് സർക്കാർ പ്രതിനിധികളും വിമർശിച്ചു.