ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ചികിത്സയ്‌ക്കെത്തിയ വനിതാ രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് യുകെയിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി . ഹാംഷെയറിൽ ജനറൽ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. മോഹൻ ബാബുവിന്റെ (49) മെഡിക്കൽ ലൈസൻസാണ് യുകെയിലെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് റദ്ദാക്കിയത്. ഇതോടെ ഇയാളെ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് പുറത്താക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2019 സെപ്റ്റംബർ മുതൽ 2021 ജൂലൈ വരെ ഹാംഷെയറിലെ ഹാവന്റിൽ താൽക്കാലിക ഡോക്ടറായി ജോലി ചെയ്യുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന വനിതാ രോഗികളെയാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് കോടതി കണ്ടെത്തി. മൂന്ന് സ്ത്രീകളെ നാല് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2024 ഏപ്രിലിൽ പോർട്സ്മൗത്ത് ക്രൗൺ കോടതി മൂന്നര വർഷം തടവുശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഇയാൾ ജയിലിലാണ്.

രോഗികളെ സഹായിക്കാനാണെന്ന വ്യാജേനയാണ് മോഹൻ ബാബു അതിക്രമങ്ങൾ നടത്തിയതെന്ന് ട്രിബ്യൂണൽ വിലയിരുത്തി. ഇത് കൂടാതെ പരിശോധനാ മുറിയിൽ നഗ്നത പ്രദർശിപ്പിച്ചതായും കണ്ടെത്തിരുന്നു . ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള ആസൂത്രിതവും ആവർത്തിച്ചുള്ളതുമായ പീഡനങ്ങളാണ് ഇയാൾ നടത്തിയതെന്നും, ഇത് ഡോക്ടർമാരിലുള്ള പൊതുജന വിശ്വാസത്തെ തന്നെ ബാധിക്കുന്നതാണെന്നും ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി.