ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഷെഫീൽഡ് നഗരമധ്യത്തിൽ ബാറിന് പുറത്തുണ്ടായ വെടിവെപ്പിൽ 30-കാരിയായ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് സ്ട്രീറ്റിലെ “വൺ ഫോർ വൺ” ബാറിന് പുറത്താണ് ഇന്ന് പുലർച്ചെയോടെ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സ്ഥലത്തുവെച്ച് ചികിത്സ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30-കാരനായ ഒരാളെ ഷെഫീൽഡിൽ നിന്നും പിടികൂടിയപ്പോൾ മറ്റൊരു 30-കാരനായ പുരുഷനെയും 32-കാരിയായ സ്ത്രീയെയും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ടിന് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട യുവതിയുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബാങ്ക് ഹോളിഡേ ആഘോഷത്തിനിടെ യുവതിയുടെ ജീവൻ നഷ്ടമായത് അതീവ ദാരുണമാണെന്നും സംഭവത്തിന്റെ പശ്ചാത്തലം കണ്ടെത്താൻ പൊലീസ് ശക്തമായ അന്വേഷണം തുടരുകയാണെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ കോളിൻ മക്ഫാർലൻ പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ വെസ്റ്റ് സ്ട്രീറ്റും സമീപ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. സംഭവസമയം സ്ഥലത്തുണ്ടായിരുന്നവർ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചു.











Leave a Reply