ന്യൂസ് ഡെസ്ക് മലയാളം യുകെ

ആത്മഹത്യയിലൂടെയുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് പാരസെറ്റമോൾ അടങ്ങിയ ഓവർ-ദി-കൗണ്ടർ മരുന്നുകളുടെ ലഭ്യത പരിമിതപ്പെടുത്താൻ ഒരുങ്ങി യുകെ സർക്കാർ. അടുത്തിടെ തയാറാക്കിയ ദേശീയ ആത്മഹത്യാ പ്രതിരോധത്തിൻെറ ഭാഗമായാണ് പുതിയ നീക്കം. റിപ്പോർട്ടിൽ 2018 മുതൽ ആത്മഹത്യ മൂലമുള്ള മരണങ്ങൾ എങ്ങനെ കുറയ്ക്കാം എന്ന് കാണിക്കുന്നു. രാജ്യത്തുടനീളമുള്ള സ്കൂളുകളിലും കോളേജുകളിലും ദേശീയ ജാഗ്രതാ സംവിധാനങ്ങൾ ഉൾപ്പെടുത്താനുമുള്ള തയാറെടുപ്പിലാണ് അധികൃതർ.

 

കടകളിൽ വാങ്ങാവുന്ന പാരസെറ്റമോളിന്റെ എണ്ണം കുറയ്ക്കുന്നത് യുകെയിലെ ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ സഹായിക്കുമോ എന്ന് മെഡിക്കൽ വിദഗ്ധർ പരിശോധിച്ച് വരികയാണ്. നിലവിൽ ആളുകൾക്ക് പാരസെറ്റമോൾ അടങ്ങിയ പരമാവധി രണ്ട് പാക്കറ്റ് മരുന്നുകൾ വാങ്ങാനാകും. ഇതിൽ 500 മില്ലിഗ്രാം 16 ഗുളികൾ അടങ്ങിയിട്ടുണ്ട്.

സർക്കാർ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജൻസിയോട് (എംഎച്ച്ആർഎ) കൂടുതൽ നിയന്ത്രണങ്ങൾ പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടര വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ ആത്മഹത്യാ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുകെയിലെ മന്ത്രിമാർ പ്രവർത്തിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച 2018 ലെ ഒരു പഠനത്തിൽ യുകെയിൽ സ്വയം വിഷബാധയ്ക്ക് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ മരുന്നാണ് പാരസെറ്റമോൾ എന്നും ഇത് മാരകമായ കരൾ തകരാറിന് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. ഓരോ വർഷവും 5,000-ത്തിലധികം ആളുകൾ ആത്മഹത്യയിലൂടെ മരിക്കുന്നുണ്ടെന്ന് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) കണക്കുകൾ കാണിക്കുന്നു.