ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഫാർമസി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ പുതിയ പദ്ധതിയുമായി രംഗത്ത്. ഈ വർഷം ശരത്കാലം മുതൽ കൂടുതൽ ഫാർമസിസ്റ്റുകൾക്ക് മരുന്നുകൾ നിർദേശിക്കാനുള്ള അധികാരം നൽകും. നിലവിൽ തൊണ്ടവേദന, ചെവിവേദന, സൈനസൈറ്റിസ്, ഷിംഗിൾസ്, മൂത്രാശയ അണുബാധ തുടങ്ങിയ ഏഴ് അസുഖങ്ങൾക്ക് ‘ഫാർമസി ഫസ്റ്റ്’ പദ്ധതിയിലൂടെ മരുന്ന് നൽകുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇനി അഞ്ച് സാധാരണ രോഗങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

പുതിയ പദ്ധതിക്കായി സർക്കാർ 340 മില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ജിപി സർജറികളിലെയും ആശുപത്രികളിലെയും തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. രോഗികൾക്ക് സമീപ ഫാർമസികളിൽ തന്നെ പരിശോധനയും ചികിത്സയും ലഭ്യമാകുന്നതിനാൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫൻ കിന്നോക്ക് വ്യക്തമാക്കി.

അതേസമയം, പുതിയ ധനസഹായം സ്വാഗതം ചെയ്ത ദേശീയ ഫാർമസി അസോസിയേഷൻ, ഉയർന്ന ബിസിനസ് നിരക്കുകളും തൊഴിലുടമ ചെലവുകളും മരുന്ന് വില വർധനയും പരിഹരിക്കാൻ ഇത് മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി. 2024ൽ ആരംഭിച്ച ‘ഫാർമസി ഫസ്റ്റ്’ പദ്ധതിയുടെ ഭാഗമായി 2025 മാർച്ച് മുതൽ 2026 ഫെബ്രുവരി വരെ 33 ലക്ഷത്തിലധികം കൺസൾട്ടേഷനുകൾ നടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.











Leave a Reply