ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഗ്രാമപ്രദേശങ്ങളിലെ കടകളിൽ മോഷണവും കവർച്ചയും വ്യാപകമായി വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇൻഷുറൻസ് സ്ഥാപനമായ എൻ.എഫ്.യു മ്യൂച്വൽ നടത്തിയ സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ പത്ത് റീട്ടെയിൽ സ്ഥാപനങ്ങളിൽ ഒമ്പതും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം മോഷണത്തിന് ഇരകളായിട്ടുണ്ട് . ഫാം ഷോപ്പുകൾ, കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവയും ഇപ്പോൾ മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യങ്ങളാണ്. ഓരോ സ്ഥാപനത്തിനും ശരാശരി 83,000 പൗണ്ടിന്റെ സാമ്പത്തിക നഷ്ടമാണ് നേരിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില സ്ഥാപനങ്ങൾക്ക് അരമില്യൺ പൗണ്ടിലധികം നഷ്ടമുണ്ടായതായും കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെന്റിലെ ബ്രോഡ്ഡിച്ച് ഫാം ഷോപ്പ് ഉടമ ജോൺ ഹാരിസ് കഴിഞ്ഞ ഈസ്റ്റർ അവധിക്കാലത്ത് നടന്ന കവർച്ചയുടെ അനുഭവം പങ്കുവച്ചത് അതീവ സങ്കടത്തോടെയാണ് . രാത്രിയിൽ മേൽക്കൂര തകർത്ത് കടയിൽ കയറിയ മോഷ്ടാക്കൾ അലമാര പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു . അതിനുള്ളിലുണ്ടായിരുന്ന 5,000 പൗണ്ടും പ്രാദേശിക ചാരിറ്റിക്കായി ശേഖരിച്ചിരുന്ന സംഭാവന പെട്ടികളും നഷ്ടമായി. സംഭവത്തിന് ശേഷം കടയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിൽ സംഘടിത കുറ്റകൃത്യ സംഘങ്ങൾ കടകളെ ലക്ഷ്യമിടുന്നതായി വ്യാപാര സംഘടനകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു . 2025-ൽ മാത്രം 55 ലക്ഷം ഷോപ്പ്‌ലിഫ്റ്റിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ആണ് കണക്കുകൾ കാണിക്കുന്നത് . ഇതിനെ തുടർന്നാണ് റീട്ടെയിൽ തൊഴിലാളികളെ ആക്രമിക്കുന്നതിനെ പ്രത്യേക കുറ്റമായി പരിഗണിക്കുന്ന പുതിയ നിയമം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയത് . ഗ്രാമപ്രദേശങ്ങളിലെ വ്യാപാരികളിൽ ഭീതിയും ആശങ്കയും വർധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.