ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഗ്രാമപ്രദേശങ്ങളിലെ കടകളിൽ മോഷണവും കവർച്ചയും വ്യാപകമായി വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇൻഷുറൻസ് സ്ഥാപനമായ എൻ.എഫ്.യു മ്യൂച്വൽ നടത്തിയ സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ പത്ത് റീട്ടെയിൽ സ്ഥാപനങ്ങളിൽ ഒമ്പതും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം മോഷണത്തിന് ഇരകളായിട്ടുണ്ട് . ഫാം ഷോപ്പുകൾ, കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവയും ഇപ്പോൾ മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യങ്ങളാണ്. ഓരോ സ്ഥാപനത്തിനും ശരാശരി 83,000 പൗണ്ടിന്റെ സാമ്പത്തിക നഷ്ടമാണ് നേരിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില സ്ഥാപനങ്ങൾക്ക് അരമില്യൺ പൗണ്ടിലധികം നഷ്ടമുണ്ടായതായും കണ്ടെത്തി.

കെന്റിലെ ബ്രോഡ്ഡിച്ച് ഫാം ഷോപ്പ് ഉടമ ജോൺ ഹാരിസ് കഴിഞ്ഞ ഈസ്റ്റർ അവധിക്കാലത്ത് നടന്ന കവർച്ചയുടെ അനുഭവം പങ്കുവച്ചത് അതീവ സങ്കടത്തോടെയാണ് . രാത്രിയിൽ മേൽക്കൂര തകർത്ത് കടയിൽ കയറിയ മോഷ്ടാക്കൾ അലമാര പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു . അതിനുള്ളിലുണ്ടായിരുന്ന 5,000 പൗണ്ടും പ്രാദേശിക ചാരിറ്റിക്കായി ശേഖരിച്ചിരുന്ന സംഭാവന പെട്ടികളും നഷ്ടമായി. സംഭവത്തിന് ശേഷം കടയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിൽ സംഘടിത കുറ്റകൃത്യ സംഘങ്ങൾ കടകളെ ലക്ഷ്യമിടുന്നതായി വ്യാപാര സംഘടനകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു . 2025-ൽ മാത്രം 55 ലക്ഷം ഷോപ്പ്ലിഫ്റ്റിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ആണ് കണക്കുകൾ കാണിക്കുന്നത് . ഇതിനെ തുടർന്നാണ് റീട്ടെയിൽ തൊഴിലാളികളെ ആക്രമിക്കുന്നതിനെ പ്രത്യേക കുറ്റമായി പരിഗണിക്കുന്ന പുതിയ നിയമം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയത് . ഗ്രാമപ്രദേശങ്ങളിലെ വ്യാപാരികളിൽ ഭീതിയും ആശങ്കയും വർധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.











Leave a Reply