ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഓക്കസ് (AUKUS) സഖ്യം സമുദ്രാതിർത്തികളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കടലിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകളും മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം പ്രതിരോധ ശേഷിയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ സാങ്കേതികവിദ്യ 2027ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

സിംഗപ്പൂരിൽ നടന്ന സുരക്ഷാ ഉച്ചകോടിക്കിടെ മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ആകെ ചെലവ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രിട്ടൻ 150 ദശലക്ഷം പൗണ്ട് (ഏകദേശം 201 ദശലക്ഷം ഡോളർ) നിക്ഷേപിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ഓക്കസ് പദ്ധതികൾ മന്ദഗതിയിലാണെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

2021ൽ രൂപീകരിച്ച ഓക്കസ് സഖ്യം ആണവ അന്തർവാഹിനികളുടെ വികസനവും സൈനിക സാങ്കേതികവിദ്യ പങ്കുവെക്കലും ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന നാവിക സാന്നിധ്യത്തെ പ്രതിരോധിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. സമുദ്രാതിർത്തി നിരീക്ഷണം, രഹസ്യാന്വേഷണം, ലോജിസ്റ്റിക്സ് പിന്തുണ, ആവശ്യമായ സാഹചര്യങ്ങളിൽ ആക്രമണ ദൗത്യങ്ങൾ എന്നിവയ്ക്കും പുതിയ ആളില്ലാ അണ്ടർവാട്ടർ വാഹനങ്ങൾ ഉപയോഗിക്കാനാകുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.











Leave a Reply