ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ വാക്സിൻ വിതരണം മന്ദഗതിയിൽ ആവാൻ കാരണം സർക്കാർ നിക്ഷേപത്തിന്റെ അഭാവവും ഉൽപാദന അവഗണനയുമാണെന്ന് ശാസ്ത്രജ്ഞർ ആരോപിച്ചു. വാക്സിനുകൾ നിർമ്മിക്കാനുള്ള ശേഷിയിൽ വേണ്ടത്ര നിക്ഷേപം നടത്താൻ ബ്രിട്ടനെ തയാറാക്കിയിട്ടില്ലെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ റീജിയസ് പ്രൊഫസറും സേജ് (സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി) അംഗവുമായ ജോൺ ബെൽ പറഞ്ഞു. കൂടുതൽ ഡോസുകൾ സൃഷ്ടിക്കാനായി നെതർ‌ലാൻ‌ഡിലെ ഹാലിക്സ്, സ്റ്റാഫോർ‌ഡ്ഷയറിലെ കോബ്ര ബയോളജിക്സ്, ഓക്സ്ഫോർഡ് ബയോമെഡിക്ക എന്നീ കമ്പനികളെ ഓക്‌സ്‌ഫോർഡ്, അസ്ട്രാസെനെക്ക എന്നിവർ ബന്ധപ്പെട്ടിട്ടുണ്ട്. ആ കമ്പനികൾ വാക്സിൻ ഉൽ‌പാദിപ്പിച്ച ശേഷം, വ്രെക്സ്ഹാം ആസ്ഥാനമായുള്ള ഒരു പ്ലാന്റിലേക്ക് കൊണ്ടുപോകും. ആഗോള ആവശ്യം നിറവേറ്റാൻ കമ്പനികൾ പാടുപെടുന്നതിനാൽ വാക്‌സിൻ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങൾ ‘മാസങ്ങളോളം നിലനിൽക്കുമെന്ന്’ ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി ഈ ആഴ്ച മുന്നറിയിപ്പ് നൽകി.

പ്രതിരോധ കുത്തിവയ്പ് നൽകിയവർക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിനുപകരം, കഴിയുന്നത്ര ആളുകൾക്ക് ഫൈസർ വാക്സിൻ ഒറ്റ ഡോസ് നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ആഗോള വിതരണത്തിൽ ഇതുവരെയും യാതൊരു പ്രശ്നവുമില്ലെന്ന് ഫൈസർ, ഓക്സ്ഫോർഡ്, അസ്ട്രാസെനെക്ക നിർമാതാക്കൾ അറിയിച്ചു. ഡിസംബറിൽ സർക്കാരിന്റെ വാക്‌സിൻ ടാസ്‌ക്ഫോഴ്‌സിന്റെ അവലോകനത്തിന് നേതൃത്വം നൽകിയ സർ റിച്ചാർഡ് സൈക്‌സ്, വിതരണത്തിലെ മെല്ലെപോക്ക് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ബ്രിട്ടനിൽ 53,285 പേർ കൂടി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ പരാമർശം. തുടർച്ചയായ നാല് ദിവസങ്ങളിൽ 50,000ത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. എട്ടുവയസ്സുള്ള കുട്ടിയടക്കം 613 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഔദ്യോഗിക മരണസംഖ്യ 74,125 ആയി ഉയർന്നു. ഡിസംബർ 30ന് മരണമടഞ്ഞ എട്ടു വയസ്സുകാരന് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി എൻഎച്ച്എസ് പറഞ്ഞു. അടുത്തയാഴ്ച രാജ്യത്തൊട്ടാകെയുള്ള രോഗികൾക്ക് കുറഞ്ഞത് പത്തു ലക്ഷം ഫൈസർ ഡോസുകളും 530,000 ഓക്സ്ഫോർഡ് ഡോസുകളും നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.