ന്യൂസ് ഡെസ്ക്, മലയാളം യുകെ
തോർണ്ടൺ ക്ലീവ്ലീസിലെ റോസാൾ ബീച്ചിൽ കടലിൽ മുങ്ങിയ സ്വന്തം വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ അറുപത് വയസ്സുള്ള സ്ത്രീ മരിച്ചു. അതേ പ്രായത്തിലുള്ള ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല .

നായ കടലിൽ കുടുങ്ങിയതിനെ തുടർന്ന് ഇരുവരും വെള്ളത്തിലിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. രാത്രി 8.30ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ്ഗാർഡ് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കരയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയില്ലെന്ന് ലങ്കാഷയർ പൊലീസ് അറിയിച്ചു. അതേസമയം, കടലിൽ കുടുങ്ങിയ നായയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.











Leave a Reply