ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇന്നലെ നടന്ന രാജ്ഞിയുടെ പ്രസംഗത്തിലും പ്രാമുഖ്യം ബ്രെക്സിറ്റിന് തന്നെ. ബോറിസ് ജോൺസൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ ജനുവരി 31ഓടുകൂടി ബ്രെക്സിറ്റ്‌ നടപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. യുകെയുടെ പാരമ്പര്യം അനുസരിച്ചുള്ള രാജ്ഞിയുടെ പ്രസംഗത്തിൽ ബ്രെക്സിറ്റിനും എൻഎച്ച്എസിനും ആയിരുന്നു മുൻ‌തൂക്കം. രാജ്ഞിയുടെ പ്രസംഗത്തിൽ പ്രഖ്യാപിച്ച 30 ലധികം ബില്ലുകളിൽ ഏഴെണ്ണം ബ്രെക്സിറ്റ് സംബന്ധിച്ചായിരുന്നു. ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുന്നതാണ് ഇപ്പോൾ സർക്കാരിന്റെ മുൻ‌ഗണന വിഷയം എന്നും കൂടാതെ അധിക എൻ‌എച്ച്എസ് ഫണ്ടിംഗ് നിയമത്തിൽ ഉൾപ്പെടുത്തുമെന്നും രാജ്ഞി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്ഞി സംസാരിക്കുന്നത്.

വ്യാപാരം, കൃഷി, മത്സ്യബന്ധനം, കുടിയേറ്റം, ധനകാര്യ സേവനങ്ങൾ, സ്വകാര്യ അന്താരാഷ്ട്ര നിയമം എന്നിവ സംബന്ധിച്ച് ബ്രെക്‌സിറ്റ് നിയമനിർമ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന ഏഴ് ബില്ലുകൾ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ യുകെയെ നിർബന്ധിക്കുന്ന പിൻവലിക്കൽ കരാർ ബിൽ തന്നെയായിരിക്കും ജോൺസൻ പാർലമെന്റിൽ ആദ്യം അവതരിപ്പിക്കുക. ക്രിസ്മസ് അവധിക്കാലത്തിനുമുമ്പ് , ഇന്ന് തന്നെ അതവതരിപ്പിക്കാനാവും ജോൺസൻ ശ്രമിക്കുക. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രിയുടെ കോമൺസ് ഭൂരിപക്ഷം 80 ആണെന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഇനി വലിയ മാറ്റങ്ങൾ ഇല്ലാതെ ജനുവരി 31ഓടുകൂടി ബ്രെക്സിറ്റ്‌ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

2023 – 2024 ഓടെ പ്രതിവർഷം 33.9 ബില്യൺ ഡോളർ അധികമായി നൽകിക്കൊണ്ട് എൻ എച്ച് എസ് സേവനങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നു. വിദഗ്ദ്ധരായ തൊഴിലാളികളെ സ്വാഗതം ചെയ്യാൻ യുകെയെ അനുവദിക്കുന്ന പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം, രാജ്ഞിയുടെ പ്രസംഗത്തിലെ മറ്റൊരു പ്രധാന പ്രഖ്യാപനം ആയിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആയിരക്കണക്കിന് റീട്ടെയിലർമാർ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ ബിസിനസ്സ് നിരക്ക് കുറയ്ക്കുമെന്നും ഏറ്റവും ആവശ്യം ഉള്ളവർക്കായി ആശുപത്രി കാർ പാർക്കിംഗ് ചാർജ് കുറയ്ക്കുമെന്നും 2050 ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം പൂജ്യത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ സർക്കാർ തുടരുമെന്നും രാജ്ഞി അറിയിച്ചു.