ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോഹൻലാൽ നായകനായ മലയാള സിനിമ ദൃശ്യത്തിന്റെ കഥയോട് സമാനമായ സംഭവമാണ് ബ്രിട്ടനിലെ ന്യൂകാസിൽ-അണ്ടർ-ലൈമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു മൾട്ടി സ്റ്റോറി കാർ പാർക്കിന്റെ പുനർവികസന പ്രവർത്തനങ്ങൾക്കിടെയാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മനുഷ്യന്റേതാകാമെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ നിർമാണസ്ഥലത്ത് ആശങ്ക പടരുകയും പൊലീസ് അടിയന്തിരമായി സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവം പുറത്തുവന്നതോടെ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻ മിഡ്‌വേ കാർ പാർക്ക് സമുച്ചയം ആധുനിക താമസ സമുച്ചയമാക്കി മാറ്റുന്നതിനുള്ള നിർമാണപ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിച്ചിരുന്നത്. 111 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ഭൂഗർഭ ഭാഗത്ത് ജോലികൾ നടക്കുന്നതിനിടെയാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തേക്ക് ഫോറൻസിക് വിദഗ്ധരെ നിയോഗിക്കുകയും തെളിവുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. അവശിഷ്ടങ്ങൾ എത്രകാലം പഴക്കമുള്ളതാണെന്നും അവ കണ്ടെത്തിയ സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

സംഭവത്തെ തുടർന്ന് നിർമാണസ്ഥലത്തിന്റെ താഴത്തെ നിലയിലെ എല്ലാ ജോലികളും താൽക്കാലികമായി നിർത്തിവച്ചതായി നിർമാണ കമ്പനി അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിന് പൂർണ സഹകരണം നൽകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. കണ്ടെത്തിയ അവശിഷ്ടങ്ങൾ മനുഷ്യന്റേതാണോയെന്നും അവയ്ക്ക് ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധമുണ്ടോയെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. ദൃശ്യം സിനിമയിൽ നായകൻ കൊലപാതകത്തിനിരയായ യുവാവിന്റെ മൃതദേഹം പൊലീസ് സ്റ്റേഷൻ നിർമാണത്തിനായി തെരഞ്ഞെടുത്ത സ്ഥലത്ത് രഹസ്യമായി മറവുചെയ്യുന്നതും വർഷങ്ങൾക്കുശേഷം അവശിഷ്ടങ്ങൾ കണ്ടെത്തുമോയെന്ന ആശങ്കയും കഥയുടെ പ്രധാന ഘടകമായിരുന്നു.