ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ (പുത്തൻകാവിൽ) ലെസ്‌ലി കെ. ജോൺ (39) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ലെസ്‌ലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് വർഷം മുൻപാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം ലെസ്‌ലി യുകെയിലേക്ക് കുടിയേറിയത്. വെംബ്ലിയിൽ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്മ്യൂണിക്കേഷൻസിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കെ. കോശി–ഹിൽഡാ കോശി ദമ്പതികളുടെ മകനാണ്. അപ്രതീക്ഷിത മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
നിലവിൽ മൃതദേഹം ഹാരോയിലെ നോർത്ത്‌വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുകെയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.
ലെസ്‌ലി കെ. ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply