കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. യുഎസ് സൈനിക നടപടികൾക്കുള്ള തിരിച്ചടിയായാണ് ഇറാൻ കുവൈത്തിനും ബഹ്റൈനുമെതിരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. നിരവധി വിമാനങ്ങൾ സുരക്ഷിത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രാമധ്യേ തിരിച്ചുവിട്ടു. മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ വിമാന സർവീസുകൾ പുനരാരംഭിക്കൂവെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. കുവൈത്തിലേക്ക് 13 മിസൈലുകളും 17 ഡ്രോണുകളും വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തെ തുടർന്ന് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിൽ തുടരുകയാണ്.











Leave a Reply