ദില്ലി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം തൃണമൂൽ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി വലിയ രാഷ്ട്രീയ പിളർപ്പിലേക്ക് നീങ്ങുമോ എന്ന ചർച്ച ശക്തമാകുന്നു. പാർട്ടിയിലെ ഒരു വിഭാഗം എം പിമാർ ഉടൻ ദില്ലിയിലെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ, ഇവരെ ബി ജെ പിയിലേക്ക് ആകർഷിക്കാൻ ദേശീയ നേതൃത്വം ശ്രമം ശക്തമാക്കിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. തൃണമൂലിലെ ചില നേതാക്കൾ ബി ജെ പി നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന വിവരങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി തൃണമൂലിലെ ഒരു വിഭാഗം എം പിമാർ പാർട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മമത ബാനർജി നേതൃത്വത്തിന് സമ്മർദം വർധിച്ചു. നിയമസഭയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നതിനിടെയും പ്രതിപക്ഷ നിരയിൽ മാറ്റങ്ങൾ വന്നതോടെയും ബംഗാളിലെ രാഷ്ട്രീയ കേന്ദ്രബിന്ദു ഇപ്പോൾ ദില്ലിയിലേക്ക് മാറിയിരിക്കുകയാണ്.
അതേസമയം, പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധി നിയന്ത്രണത്തിലാക്കാൻ മമത ബാനർജി അടിയന്തിര നീക്കങ്ങൾ ആരംഭിച്ചു. തനിക്കൊപ്പം തുടരുന്ന നേതാക്കളെയും വിമതരുമായി ബന്ധമുള്ള ചില ജനപ്രതിനിധികളെയും വസതിയിലേക്ക് വിളിച്ചുകൂട്ടി ചർച്ച നടത്തിയ മമത, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭ്യർഥിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ കുറഞ്ഞ പങ്കാളിത്തം രേഖപ്പെടുത്തിയതും തൃണമൂലിനുള്ളിലെ ആശങ്ക വർധിപ്പിക്കുന്ന ഘടകമായാണ് വിലയിരുത്തൽ.











Leave a Reply