അപ്പച്ചൻ കണ്ണഞ്ചിറ
ഡെർബി: യു.കെ.യിലെ മലയാളി ബാഡ്മിന്റൺ കളിക്കാരെയും, ക്ലബ്ബുകളെയും, ടൂർണമെന്റ് സംഘാടകരെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാഡ്മിന്റൺ ഫെഡറേഷൻ യു.കെ. (KBF UK) രൂപീകൃതമായി. ഫെഡറേഷന്റെ നവസാരഥികളായി മിൽട്ടൺ അലോഷ്യസ് (പ്രസിഡണ്ട്), ഹെർലിൻ ജോസഫ് (സെക്രട്ടറി) പ്രിൻസ് മാത്യു (ട്രഷറർ), ലോറൻസ് യോഹന്നാൻ (വൈസ് പ്രസിഡണ്ട് ), ബേസിൽ തമ്പി (ജോ.സെക്രട്ടറി), വിറ്റ്നി ജോൺ ( ജോ.ട്രഷറർ ) എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. സംഘടന രൂപീകരിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ആയിരത്തോളം അംഗങ്ങൾ ഫെഡറേഷനിൽ പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്നത് സംഘടനയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണയും സ്വീകാര്യതയുമാണ് കാണിക്കുന്നത്.
ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഓൾ യു.കെ. ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ഡെർബിയിൽ പുരോഗമിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. നവംബർ 28 നു ശനിയാഴ്ച ഡെർബിയിലെ എട്വോൾ ലെഷർ സെന്ററിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
അഡ്വാൻസ്ഡ്, ഇന്റർമീഡിയറ്റ് എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ മാറ്റുരയ്ക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും, ട്രോഫികളും സമ്മാനമായി നൽകും. ടൂർണമെന്റിന്റെ സമാപനച്ചടങ്ങിൽ മികച്ച താരങ്ങളെ ആദരിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്യുന്നതാണ്.





ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നതിലുപരി, യു.കെ.യിലുടനീളമുള്ള ബാഡ്മിന്റൺ കളിക്കാരെയും ക്ലബ്ബുകളെയും, സംഘാടകരെയും ഒരു പൊതുവേദിയിൽ ഒരുമിപ്പിച്ച് കായികരംഗത്തിന്റെ വളർച്ചയ്ക്ക് കൂട്ടായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഫെഡറേഷന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കളിക്കാരുടെ നിലവാരവും, പ്രകടനവും അടിസ്ഥാനമാക്കി ഏകീകൃത ‘പ്ലെയർ ഗ്രേഡിംഗ്’ സംവിധാനം നടപ്പിലാക്കാനും ഫെഡറേഷൻ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ ഓരോ കളിക്കാരനും അനുയോജ്യമായ വിഭാഗങ്ങളിൽ മത്സരിക്കുവാനുള്ള അവസരം ഉറപ്പാക്കുന്നതിനൊപ്പം, ടൂർണമെന്റ് സംഘാടകർ നേരിടുന്ന പ്ലെയർ ഗ്രേഡിംഗ്, കാറ്റഗറി നിർണയം, മത്സരങ്ങളുടെ ഏകോപനം തുടങ്ങിയ വെല്ലുവിളികൾക്കും പരിഹാരം കണ്ടെത്താനാകുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. കൂടുതൽ ലളിതവും, സുതാര്യവുമായ സംവിധാനം ഒരുക്കുകയും എല്ലാ നിലവാരത്തിലുമുള്ള കളിക്കാർക്കും തത്തുല്യമായ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതും ഫെഡറേഷന്റെ ലക്ഷ്യമാണ്.
വിവിധ ബാഡ്മിന്റൺ ക്ലബ്ബുകളുടെയും, സ്പോൺസർമാരുടെയും, കായികപ്രേമികളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ ടൂർണമെന്റ് യു.കെ.യിലെ മലയാളി ബാഡ്മിന്റൺ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കായികമത്സരങ്ങൾക്കപ്പുറം സൗഹൃദത്തിന്റെയും, ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും വേദിയായി കെ ബി എഫ്, യു കെ യെ വളർത്തിയെടുക്കാനും ഇതിലൂടെ സംഘടന ലക്ഷ്യമിടുന്നു.
മലയാളി ബാഡ്മിന്റൺ സമൂഹത്തെ ഏകോപിപ്പിച്ച് കൂടുതൽ വിപുലമായ ദേശീയ കായിക കൂട്ടായ്മയായി ഫെഡറേഷനെ വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ ആദ്യ ടൂർണമെന്റ് ശക്തമായ തുടക്കമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ കായിക പ്രേമികളെയും, കളിക്കാരെയും നവംബർ 28 നു ശനിയാഴ്ച്ച നടക്കുന്ന ബാഡ്മിന്റൺ കായിക മാമാങ്കത്തിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.
Date: 28, Saturday, November 2026
Venue: Etwall Leisure Centre, Hilton Road, Derby, DE65 6HZ







Leave a Reply