ന്യൂസ് ഡെസ്ക്, മലയാളം യുകെ

അൻപതിൽ അധികം തരത്തിലുള്ള ക്യാൻസറുകൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉയർത്തിയിരുന്ന ഗല്ലേരി (Galleri) രക്തപരിശോധന പ്രധാന ലക്ഷ്യം കൈവരിക്കാനാകാതെ പോയതായി ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ സമ്മേളനമായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ASCO) യോഗത്തിൽ അവതരിപ്പിച്ച പഠനഫലങ്ങൾ വ്യക്തമാക്കി. ബ്രിട്ടനിലെ എൻഎച്ച്എസ് നടത്തിയ പരീക്ഷണത്തിൽ 1.42 ലക്ഷം പേരെ ഉൾപ്പെടുത്തി പരിശോധന നടത്തിയെങ്കിലും, വൈകിയ ഘട്ടങ്ങളിലെ (സ്റ്റേജ് 3, 4) ക്യാൻസർ രോഗനിർണയങ്ങൾ ഗണ്യമായി കുറയ്ക്കാൻ പരിശോധനയ്ക്ക് സാധിച്ചില്ല. ഗല്ലേരി ഒരു മൾട്ടി-ക്യാൻസർ ഏർലി ഡിറ്റക്ഷൻ (MCED) രക്തപരിശോധനയാണ്. ഇത് ഒരു പ്രത്യേക ക്യാൻസറിനല്ല, ഒരേസമയം 50-ലധികം ക്യാൻസർ രോഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ടെസ്റ്റാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

50 മുതൽ 77 വയസ്സ് വരെയുള്ള ലക്ഷണങ്ങളില്ലാത്ത 1,42,942 പേരെ ഉൾപ്പെടുത്തിയ പഠനത്തിൽ പകുതിപ്പേർക്ക് ഗല്ലേരി പരിശോധനയും മറ്റുള്ളവർക്ക് സാധാരണ ക്യാൻസർ സ്ക്രീനിംഗും മാത്രമാണ് നൽകിയിരുന്നത്. മൂന്ന് വർഷം നീണ്ട പഠനത്തിന്റെ പ്രധാന വിലയിരുത്തൽ മാനദണ്ഡമായിരുന്ന പുരോഗമിച്ച ഘട്ടത്തിലെ ക്യാൻസർ കേസുകളുടെ കുറവ് കണ്ടെത്താനായില്ലെന്ന് ഗവേഷകർ അറിയിച്ചു. ഇതോടെ പരീക്ഷണം പ്രധാന ലക്ഷ്യത്തിൽ പരാജയപ്പെട്ടുവെന്ന വിലയിരുത്തലാണ് വിദഗ്ധരിൽ നിന്ന് ഉയരുന്നത്.

അതേസമയം, സ്റ്റേജ് 4 ക്യാൻസർ കേസുകളിൽ 14 ശതമാനം കുറവ് രേഖപ്പെടുത്തിയതിനെ ഗല്ലേരി പരിശോധനയുടെ അനുകൂല സൂചനയായി ഗ്രെയിൽ കമ്പനി ചൂണ്ടിക്കാട്ടി. എന്നാൽ മരണനിരക്കിൽ കുറവ് വരുത്തുന്നുവെന്നതിന് നിലവിൽ തെളിവുകളില്ലെന്നും, പൊതുജനതലത്തിൽ ഈ പരിശോധന നടപ്പാക്കുന്നതിന് മുമ്പ് കൂടുതൽ പഠനഫലങ്ങൾ ആവശ്യമാണ് എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പരീക്ഷണത്തിന്റെ വിശദമായ ഡേറ്റാ പരിശോധിച്ചശേഷം ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് എൻഎച്ച്എസ് അധികൃതർ അറിയിച്ചു.