പോർട്സ്മൗത്ത്: യുകെയിലെ മലയാളി ദൃശ്യ-ശ്രാവ്യ വിരുന്നുകളിൽ പുതിയൊരു അധ്യായം കുറിച്ച് പ്രൈം 4 അവതരിപ്പിച്ച ‘റിതം 2026’ പോർട്സ്മൌത്തിൽ വിജയകരമായി അരങ്ങേറി. ഹാവന്റിലെ പ്രശസ്തമായ വാർബ്ലിങ്ടൺ സ്കൂൾ ഹാളിൽ ജൂൺ 7-നായിരുന്നു പോർട്സ്മൌത്ത് മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഈ നൃത്ത സംഗീത പരിപാടി അരങ്ങേറിയത്. പ്രവാസലോകത്തെ മികച്ച സംഗീതാഭിരുചിയുള്ളവരെ കണ്ടെത്താനും അവർക്ക് അർഹമായ പ്രോത്സാഹനം നൽകാനുമായി പ്രൈം 4 കഴിഞ്ഞ ഒരു വർഷക്കാലമായി നടത്തിവന്ന കഠിനശ്രമങ്ങളുടെ വിജയവിളംബരമായിരുന്നു ഈ പരിപാടി. പ്രൈം 4-ന്റെ പ്രധാന സംഘടകരായ അബി ജോസ്, സെബാസ്റ്റ്യൻ പൈലി, മിഥുൻ ഷാ, പ്രദീഷ് നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്ന ആസൂത്രണങ്ങളാണ് ‘റിതം 2026’-നെ ഇത്രമേൽ മനോഹരമാക്കിയത്. കല ഹാംഷെയറിന്റെ അമരക്കാരിൽ ഒരാളായ ശ്രീ ഉണ്ണികൃഷ്ണൻ നൽകിയ വിലയേറിയ നിർദ്ദേശങ്ങളും പിന്തുണയും പരിപാടി ഇത്രയും വിജയകരമായി നടത്തുന്നതിന് ഏറെ സഹായകരമായെന്ന് സംഘാടകർ പ്രത്യേകം നന്ദിയോടെ സ്മരിച്ചു. നാടിനെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം വിട്ടുപിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്. പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ പ്രസിഡന്റ് മിസ്റ്റർ അസർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

വൈകുന്നേരം 4 മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി 9 മണി വരെ കാണികളെ ഒരേപോലെ ആവേശത്തിന്റെ മുനമ്പിൽ നിർത്തി. മുന്നൂറിലധികം കാണികൾ പങ്കെടുത്ത നിറഞ്ഞ സദസ്സിന് മുന്നിൽ നാൽപതോളം പ്രതിഭകളാണ് തങ്ങളുടെ നൃത്ത-സംഗീത വിരുന്ന് കാഴ്ചവെച്ചത്.

ഉണ്ണികൃഷ്ണൻ, ജോൺസൺ, മനോജ് കുമാർ തുടങ്ങിയവർ സാങ്കേതിക സഹായവുമായി പിന്തുണയേകിയപ്പോൾ, അവതാരകരായി ലിനീഷ് കണ്ണൂർ, സിതാര, അൻസ, സിയ, ജൂവൽ, ജെന്നറ്റ് തുടങ്ങിയവരും സ്റ്റേജിൽ അണിനിരന്നത് പരിപാടിയുടെ മാറ്റുകൂട്ടി. അവതരണ മികവുകൊണ്ടും അർച്ചനയുടെയും ഡെയ്സിയുടെയും നേതൃത്വത്തിൽ ഉള്ള പരിപാടികളുടെ കോർഡിനേഷൻ കൃത്യതകൊണ്ടും ‘റിതം 2026’ അതിന്റെ ആദ്യ സീസൺ കൊണ്ടുതന്നെ യുകെ മലയാളി സമൂഹത്തിന്റെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രൈം 4 അണിയറപ്രവർത്തകരുടെ തീരുമാനം.












Leave a Reply