ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വെസ്റ്റ് യോർക്ക്ഷെയറിലെ വേക്ക്ഫീൽഡിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 1957-ലെ വിവാഹ ഫോട്ടോ ആൽബത്തിന്റെ ഉടമകളെ കണ്ടെത്തി. നഗരമധ്യത്തിലെ കഫേയ്ക്ക് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൽബം കണ്ടെത്തിയത് കഫേ ഉടമ ആൻഡ്രൂ ബെഡ്ഫോർഡാണ്. ചിത്രങ്ങളിലെ വധൂവരന്മാരുടെ പേരുകൾ മങ്ങിയതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ആൽബം ഉപേക്ഷിക്കാതെ കഫേയിൽ സൂക്ഷിച്ച ബെഡ്ഫോർഡിന്റെ പങ്കാളി എവാ ലെംപെർഗർ സമൂഹമാധ്യമങ്ങളിലൂടെ ഉടമകളെ കണ്ടെത്താൻ സഹായം തേടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാദേശിക ചരിത്ര ഗവേഷകയും കുടുംബചരിത്രത്തിൽ താൽപര്യമുള്ളയാളുമായ ആൻ-മേരി ഫോസെറ്റ് നടത്തിയ അന്വേഷണമാണ് ആൽബത്തിന്റെ ഉടമകളിലേക്ക് എത്തിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത മറ്റൊരാളുടെ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഉപയോഗിച്ച് വിവാഹം നടന്ന ഷെഫീൽഡിലെ വാഡ്സ്ലി പാരിഷ് പള്ളി കണ്ടെത്തി. ചിത്രങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വധുവിന്റെ പേര് ബാർബറ പാർ എന്നാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് തിരഞ്ഞെടുപ്പ് പട്ടികയിലെ വിവരങ്ങളും സമൂഹമാധ്യമങ്ങളിലെ അന്വേഷണവും ഉപയോഗിച്ച് വരനായ മാക്സ്വെൽ ഡോസണെയും ഭാര്യ ബാർബറയെയും കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി. ദമ്പതികളുടെ 65 വയസ്സുള്ള മകൻ മൈക്കൽ ഡോസണിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

മാതാപിതാക്കൾ മരിച്ചശേഷം അവരുടെ വിലപ്പെട്ട കുടുംബസ്മരണകൾ സഹോദരനൊപ്പം ഒരു സംഭരണകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് മൈക്കൽ പറഞ്ഞു. അവിടെ മോഷണം നടന്നതോടെ ആൽബം ഉൾപ്പെടെയുള്ള കുടുംബവസ്തുക്കൾ നഷ്ടപ്പെട്ടു. മാതാപിതാക്കളുടെ അപൂർവമായ ചിത്രങ്ങൾ തിരിച്ചുകിട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഇനി ജീവൻകൊടുത്തും അവ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആൽബം തിരികെ ലഭ്യമാക്കാൻ സഹായിച്ച ഫോസെറ്റിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും മൈക്കൽ പറഞ്ഞു. നഷ്ടപ്പെട്ട കുടുംബസ്മരണകളിൽ ചിലതെങ്കിലും തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹം.