ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ചെസ്റ്ററിൽ താമസിക്കുന്ന 52കാരനായ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ പോൾ എഡ്വേഡ്സ് 2007-ൽ ഓർഡർ ചെയ്ത കുഞ്ഞുങ്ങളെ വളർത്താനുള്ള ഉപദേശങ്ങൾ നൽകുന്ന ‘Mother & Baby ‘ മാഗസിൻ 19 വർഷങ്ങൾക്ക് ശേഷം വീട്ടിലെത്തിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. കുട്ടികളെ വളർത്തുന്നതിലെ ആദ്യകാല ആശങ്കകൾക്കും സംശയങ്ങൾക്കും സഹായകമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം മാഗസിൻ സബ്സ്ക്രൈബ് ചെയ്തത്. എന്നാൽ അന്ന് ലഭിക്കാതെ പോയ ആ കോപ്പി ഇപ്പോഴാണ് വീട്ടിലെത്തിയത്. മകൾക്ക് ഒന്നര വയസും മകൻ ജനിക്കാൻ മൂന്ന് മാസം ബാക്കിയുമുണ്ടായിരുന്ന സമയത്ത് ഓർഡർ ചെയ്ത മാഗസിൻ എത്തുമ്പോഴേക്കും ഇരുവരും സർവകലാശാല വിദ്യാർഥികളായി മാറിയിരുന്നു.

പഴകിയതും കീറിയ നിലയിലുമായ മാഗസിൻ പോളിന്റെ വീട്ടിലെ ലെറ്റർബോക്സിലൂടെയാണ് എത്തിയത്. കൂടെ “സംഭവിച്ച അസൗകര്യത്തിന് ഖേദിക്കുന്നു” എന്ന സന്ദേശവുമായുള്ള റോയൽ മെയിലിന്റെ കുറിപ്പും ഉണ്ടായിരുന്നു. ആദ്യം കൈയിലെത്തിയ പാഴ്സൽ കണ്ടപ്പോൾ ഇത് എന്താണെന്ന് പോലും മനസ്സിലായില്ലെന്ന് പോൾ പ്രതികരിച്ചു. “കുട്ടികളെ വളർത്താൻ ഉപദേശം തരുന്ന മാഗസിൻ എത്താൻ 19 വർഷമെടുത്തുവെന്ന് കരുതിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പരിഹാസം. ഈ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെയാണ് സംഭവം വലിയ ചർച്ചയായത്.

അതേസമയം, മാഗസിൻ തങ്ങളുടെ സംവിധാനത്തിനുള്ളിൽ 19 വർഷം നഷ്ടപ്പെട്ടു കിടന്നതല്ലെന്നും പിന്നീട് ആരോ വീണ്ടും പോസ്റ്റൽ സംവിധാനത്തിലേക്ക് തിരികെ നൽകിയതാകാമെന്നും റോയൽ മെയിൽ വിശദീകരിച്ചു. ഡെലിവറി ഓഫീസുകളും സോർട്ടിംഗ് സംവിധാനങ്ങളും ദിവസേന പരിശോധിക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെയാണ് തപാൽ വിതരണം ലക്ഷ്യങ്ങളിൽ വീണ്ടും പിന്നിലായതിനെ തുടർന്ന് ബ്രിട്ടനിലെ തപാൽ നിയന്ത്രണ ഏജൻസിയായ ഓഫ്കോം റോയൽ മെയിലിനെതിരെ അന്വേഷണം ആരംഭിച്ചതും ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം തപാലുകളുടെ ഏകദേശം നാലിലൊന്ന് സമയത്ത് എത്താതിരുന്നതും കമ്പനിക്കെതിരെ വിമർശനം ശക്തമാക്കിയിട്ടുണ്ട്.











Leave a Reply