ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ∙ വെയിൽസിലെ കാർമാർതൻഷെയറിലെ ലാൻഡിബിയിലെ ഗ്ലാൻ ലാഷ് ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ വിപുലീകരണ പദ്ധതി പ്രാദേശിക കൗൺസിൽ തള്ളി. ഇതോടെ വെയിൽസിലെ അവസാന ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ പ്രവർത്തന വിപുലീകരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. 2012ൽ ആരംഭിച്ച ഖനിക്ക് നാലര വർഷത്തിനുള്ളിൽ 92,500 ടൺ കൽക്കരി ഖനനം ചെയ്യാനുള്ള അനുമതിയായിരുന്നു ലഭിച്ചിരുന്നത്.

ഭൂമിയുടെ ഉപരിതലം തുറന്ന് മുകളിലെ മണ്ണും പാറകളും നീക്കം ചെയ്ത് കൽക്കരി പുറത്തെടുക്കുന്ന രീതിയാണ് ഓപ്പൺകാസ്റ്റ് ഖനനം. ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിക്കാതെ നടത്തുന്ന ഈ ഖനനരീതി പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന ആശങ്കയാണ് എതിർപ്പിന് പ്രധാന കാരണം. മുൻപ് സമർപ്പിച്ച വിപുലീകരണ നിർദേശങ്ങൾ 2023ൽ കൗൺസിലർമാർ നിരസിച്ചതിനെ തുടർന്ന് കമ്പനി പുതുക്കിയ പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും അതും അംഗീകാരം നേടാനായില്ല. ഇവിടെ നിന്നുള്ള ഉയർന്ന നിലവാരമുള്ള കൽക്കരിക്ക് വലിയ ആവശ്യകതയുണ്ടെന്നായിരുന്നു കമ്പനിയുടെ വാദം.

തീരുമാനത്തെ പരിസ്ഥിതി സംഘടനകൾ സ്വാഗതം ചെയ്തു. വർഷങ്ങളായുള്ള പ്രചാരണങ്ങൾക്ക് ലഭിച്ച വിജയമാണിതെന്നും, ഇനി പ്രദേശം പ്രകൃതിക്കും പ്രാദേശിക സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിൽ പുനരുദ്ധരിക്കാനുള്ള അവസരമാണിതെന്നും ഫ്രണ്ട്സ് ഓഫ് ദി എർത്ത് കിംറി പ്രതികരിച്ചു. യുകെയിൽ പുതിയ കൽക്കരി ഖനികൾക്കായുള്ള സജീവ അപേക്ഷകൾ ഇനി ഇല്ലെന്നും, കാലാവസ്ഥാ സംരക്ഷണത്തിനും അപൂർവ ആവാസവ്യവസ്ഥകളുടെ പരിപാലനത്തിനും സമൂഹങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ തീരുമാനമെന്നും കോൾ ആക്ഷൻ നെറ്റ്വർക്ക് അറിയിച്ചു.











Leave a Reply