ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനകരാറിൽ നിർണായക മുന്നേറ്റമുണ്ടായെന്ന വാർത്തയെ തുടർന്ന് ആഗോള എണ്ണവില മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് ഏകദേശം 83 ഡോളറിലേക്ക് താഴ്ന്നപ്പോൾ യൂറോപ്യൻ വാതകവിലയും 6 ശതമാനത്തോളം കുറഞ്ഞു. ലോക എണ്ണവിതരണത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷയാണ് വിപണികളെ ആവേശത്തിലാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എണ്ണവില ഇടിഞ്ഞതോടെ യുകെ ഉൾപ്പെടെയുള്ള ആഗോള ഓഹരി വിപണികൾ ശക്തമായ നേട്ടം രേഖപ്പെടുത്തി. ലണ്ടൻ ഓഹരി വിപണിയിലെ എഫ്‌ടിഎസ്ഇ 100 സൂചിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. അമേരിക്കയിൽ ഡൗ ജോൺസ്, റസൽ 2000 സൂചികകൾ റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ യൂറോപ്പിലെ സ്റ്റോക്സ് 600 സൂചികയും പുതിയ ഉയരം കുറിച്ചു. ബാങ്കിങ്, വാഹന, വിമാനയാന മേഖലകളിലെ ഓഹരികൾക്ക് മികച്ച നേട്ടമുണ്ടായപ്പോൾ എണ്ണ – ഊർജ കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടിയേറ്റു.

അതേസമയം കരാർ സംബന്ധിച്ച അന്തിമ ധാരണകൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പൂർണമായി സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങൾ, ഉപരോധ ഇളവുകൾ, ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവ ഇനിയും ബാക്കിയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും സമാധാന പ്രതീക്ഷകൾ മൂലം വിലക്കയറ്റ സമ്മർദം കുറയാനും ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ആശ്വാസമാകാനും സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.