ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അതിതീവ്ര ചൂടും ഉയർന്ന ഈർപ്പവും കണക്കിലെടുത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും കൂടുതൽ ഭാഗങ്ങളിൽ ബാധകമാകുന്ന അപൂർവ ‘റെഡ് എക്സ്ട്രീം ഹീറ്റ്’ മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു. ലണ്ടൻ, ബർമിംഗ്ഹാം, കേംബ്രിഡ്ജ്ഷയർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. 2022 ജൂലൈയ്ക്ക് ശേഷം ഇത്തരത്തിലുള്ള രണ്ടാമത്തെ റെഡ് മുന്നറിയിപ്പാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഇംഗ്ലണ്ടിലെ ആറു മേഖലകളിൽ ‘റെഡ് ഹീറ്റ് ഹെൽത്ത് അലർട്ടും’ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായമായവർക്കും രോഗികൾക്കും മാത്രമല്ല, ആരോഗ്യമുള്ള ആളുകൾക്കുപോലും ജീവന് ഭീഷണിയാകുന്ന സാഹചര്യമുണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിശക്തമായ ചൂടിനൊപ്പം രാത്രിയിലും ഉയർന്ന താപനിലയും ഈർപ്പവും തുടരുമെന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകാനിടയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

ചൂട് മൂലം ഗതാഗത സംവിധാനങ്ങൾ, വൈദ്യുതി – ജലവിതരണം, ആരോഗ്യ സേവനങ്ങൾ എന്നിവയിൽ വ്യാപക തടസ്സങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. പല സ്കൂളുകളും പ്രവർത്തനസമയം ക്രമീകരിക്കുകയും യൂണിഫോം ധരിക്കുന്നതിൽ ഇളവുകൾ അനുവദിക്കുകയും അധിക കുടിവെള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമായാണ് ഇത്തരം അതിതീവ്രത ഉണ്ടാകുന്നത് പതിവാകുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുമ്പോൾ, ഇത്തരത്തിലുള്ള സാഹചര്യങ്ങളെ നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും പര്യാപ്തമായി തയ്യാറായിട്ടില്ലെന്ന ആശങ്കയും ശക്തമാകുകയാണ്.