ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുടുംബസമേതമുള്ള ബ്രിട്ടനിലേക്കുള്ള സന്ദർശനം റദ്ദാക്കേണ്ടി വരാമെന്ന് ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ഹാരി വെളിപ്പെടുത്തി. ഭാര്യ മെഗൻ മാർക്കിളും മക്കളും ഒപ്പമുള്ള യാത്രയ്ക്കായി ആവശ്യപ്പെട്ട പോലീസ് സുരക്ഷാ അനുവദിക്കാത്തതാണ് ഇതിന് കാരണം. നാല് വർഷത്തിനുശേഷം മുഴുവൻ കുടുംബവും ഒരുമിച്ച് ബ്രിട്ടൻ സന്ദർശിക്കാനായിരുന്നു ഹാരിയുടെ പദ്ധതി.

മക്കളെ മുത്തച്ഛനായ ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമനെ കാണിക്കാനും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുമാണ് സന്ദർശനം ലക്ഷ്യമിട്ടിരുന്നതെന്ന് ഹാരി പറഞ്ഞു. എന്നാൽ സർക്കാർ ചെലവിൽ പോലീസ് സുരക്ഷ നൽകാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യാത്രയുടെ സുരക്ഷയെ കുറിച്ച് ആശങ്ക നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ പരിരക്ഷ സംബന്ധിച്ച് ഹാരി നടത്തിയ നിയമപോരാട്ടവും നേരത്തെ പരാജയപ്പെട്ടിരുന്നു. അപകടസാധ്യത വിലയിരുത്തിയ ശേഷമാണ് നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ മതിയെന്ന നിലപാട് അധികൃതർ സ്വീകരിച്ചത്. പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ കുടുംബസമേതമുള്ള ബ്രിട്ടൻ സന്ദർശനം അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.











Leave a Reply