തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് പിന്നാലെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പോലീസിൽ പരാതി നൽകി. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയാണ് പരാതി. കോൺഗ്രസ് കൗൺസിലർമാരായ ഷേർലിയും അനിത അലക്സും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വൈകിട്ട് ചേർന്ന കൗൺസിൽ യോഗം അവസാനിച്ചതിന് പിന്നാലെയാണ് യുഡിഎഫ്–ബിജെപി കൗൺസിലർമാർ തമ്മിൽ വാക്കേറ്റം കയ്യാങ്കളിയിലേക്ക് വഴിമാറിയത്. ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും പ്രതിഷേധം നടത്തുന്നതിനിടെ അജണ്ടകൾ അതിവേഗം പാസായതായി മേയർ പ്രഖ്യാപിച്ച് സഭ വിട്ടതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. തുടർന്ന് ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ മുൻ എംഎൽഎ കെ.എസ്. ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.
കാപ്പാ കേസിൽ ജയിലിലുള്ള ആർ. സുഗതനെ സംരക്ഷിക്കുന്നതിനായാണ് രജിസ്റ്റർ ബിജെപി കൗൺസിലർ പിടിച്ചുവാങ്ങിയതെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തതായും യുഡിഎഫ് ആരോപിച്ചു. അതേസമയം, ഹാജർ രജിസ്റ്ററിൽ വെള്ളമൊഴിച്ച് രേഖകൾ നശിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും അതു തടയുന്നതിനിടെയാണ് തർക്കമുണ്ടായതെന്നുമാണ് മേയറുടെയും ബിജെപിയുടെയും വിശദീകരണം. സംഭവത്തെ തുടർന്ന് നഗരസഭയിലെ രാഷ്ട്രീയ ഏറ്റുമുട്ടൽ കൂടുതൽ കടുത്തിരിക്കുകയാണ്.











Leave a Reply