ബെൻസിലാൽ ചെറിയാൻ

ലണ്ടൻ: അയർക്കുന്നം–മറ്റക്കര പ്രദേശങ്ങളിൽ നിന്നുമുള്ള യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ പങ്കെടുത്ത ഒമ്പതാമത് അയർക്കുന്നം–മറ്റക്കര സംഗമം, പങ്കെടുത്ത ഏവർക്കും നവ്യാനുഭവം സമ്മാനിച്ച് വർണ്ണാഭമായി സമാപിച്ചു. ചെൽട്ടൻഹാമിലെ ഷുർഡിംഗ്ടൺ കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ സംഗമം സംഘടിപ്പിച്ചത്.

പ്രോഗ്രാം കോർഡിനേറ്റർ ടെൽസ്മോൻ തടത്തിൽ ആലപിച്ച മതേതരത്വത്തിന്റെ സന്ദേശം പകർന്ന പ്രാർത്ഥനാ ഗാനത്തോടെയാണ് സംഗമത്തിന് തുടക്കമായത്. പ്രസിഡന്റ് സി.എ. ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സെക്രട്ടറി ബെൻസിലാൽ ചെറിയാൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരവാഹികൾ ചേർന്ന് ഭദ്രദീപം തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിത്ര ടെൽസ്മോൻ, ട്രഷറർ തോമസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫെലിക്സ് ജോൺ, മുൻ പ്രസിഡന്റ് മേഴ്സി ബിജു എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് ഫ്ലോറൻസ് ഫെലിക്സ്, റാണി ജോജി, ടെൽസ്മോൻ തടത്തിൽ, മേഴ്സി ബിജു, ജോർജ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, ഗാനാലാപനങ്ങൾ, മനോഹരമായ നൃത്താവിഷ്‌കാരങ്ങൾ, ഹാസ്യ-വിനോദ പരിപാടികൾ, പുരുഷന്മാരും വനിതകളും പങ്കെടുത്ത വടംവലി മത്സരം എന്നിവ സംഗമത്തിന് ആവേശം പകർന്നു. പരിപാടികൾ കുടുംബാംഗങ്ങൾക്കിടയിലെ സൗഹൃദവും ഐക്യവും കൂടുതൽ ദൃഢമാക്കുകയും സംഗമത്തെ അവിസ്മരണീയമാക്കുകയും ചെയ്തു.

ആദ്യമായി സംഗമത്തിൽ പങ്കെടുത്ത കുടുംബങ്ങൾ സ്വയം പരിചയപ്പെടുത്തി. എല്ലാ കുടുംബാംഗങ്ങളും പരസ്പരം സൗഹൃദങ്ങൾ പുതുക്കിയും അനുഭവങ്ങൾ പങ്കുവെച്ചും വിവിധ പരിപാടികളിൽ പങ്കാളികളായും സംഗമത്തെ കൂടുതൽ അർഥവത്താക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെൽസ്മോൻ തടത്തിൽ ആലപിച്ച അച്ഛന്മാരുടെ മഹത്വം ഉയർത്തിക്കാട്ടിയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഫാദേഴ്സ് ഡേ ആഘോഷവും ശ്രദ്ധേയമായി. കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചും എല്ലാവർക്കും വിതരണം ചെയ്തും നടത്തിയ ആഘോഷം പങ്കെടുത്തവർക്കെല്ലാം സ്നേഹോഷ്മളമായ അനുഭവമായി.

വിവിധ കലാപരിപാടികളിൽ മികവ് തെളിയിച്ച കുടുംബാംഗങ്ങൾക്കും വടംവലി മത്സരങ്ങളിലെ വിജയികൾക്കും സി.എ. ജോസഫ്, ബെൻസിലാൽ ചെറിയാൻ, ജോഷി കണിച്ചിറയിൽ, ബിജു പാലക്കുളത്തിൽ, ജോജി ജോസ്, ജോർജ് തോമസ്, ജിഷ ജീബി, മേഴ്സി ബിജു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും കേരളത്തിന്റെ തനത് രുചികൾ നിറഞ്ഞ സ്വാദിഷ്ടമായ വിഭവങ്ങൾ ഒരുക്കിയിരുന്നത് ഏവരിലും ഗൃഹാതുരത ഉണർത്തി.

മുഴുവൻ പരിപാടികൾക്കും മികച്ച അവതരണ ശൈലിയിലൂടെ ആങ്കറിംഗ് നിർവ്വഹിച്ച റാണി ജോജി ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച പ്രതിഭകൾക്കും ജോയിന്റ് സെക്രട്ടറി ജിഷ ജീബി നന്ദി രേഖപ്പെടുത്തി.

സംഗമത്തിന്റെ സമാപനവേളയിൽ, അയർക്കുന്നം–മറ്റക്കര സംഗമത്തിന്റെ പത്താം വാർഷികം 2027 ജൂൺ 26-ന് യുകെയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്നുള്ള പ്രസിഡന്റ് സി.എ. ജോസഫിന്റെ പ്രഖ്യാപനം കുടുംബാംഗങ്ങൾ ഹർഷാരവത്തോടെയും ആവേശത്തോടെയുമാണ് സ്വീകരിച്ചത്. ദേശീയഗാനാലാപനത്തോടെ ഒമ്പതാമത് അയർക്കുന്നം–മറ്റക്കര സംഗമം സമംഗളം പര്യവസാനിച്ചു.