ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ജോലി അഭിമുഖങ്ങളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കൃത്രിമബുദ്ധിയുടെ (എഐ) സഹായം തേടുന്ന ഉദ്യോഗാർഥികളുടെ എണ്ണം വർധിക്കുന്നതായി ബ്രിട്ടനിലെ റിക്രൂട്ട്മെന്റ് രംഗത്തുള്ളവർ. എന്നാൽ അഭിമുഖത്തിനിടെ എഐ ഉപയോഗിച്ച് തത്സമയം മറുപടികൾ തയ്യാറാക്കുന്നത് എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്ന് റിക്രൂട്ട്മെന്റ് ഏജൻസി ഉടമ ക്രിസ് മോറോ പറഞ്ഞു. അഭിമുഖത്തിനിടെ ചോദ്യങ്ങൾ കേട്ട് മറുപടികൾ നിർദേശിക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്ന ഉദ്യോഗാർഥികൾ, ചാറ്റ്ബോട്ടിന്റെ മറുപടിക്കായി കാത്തിരിക്കുന്നതും സ്വാഭാവികമല്ലാത്ത ഭാഷയിൽ സംസാരിക്കുന്നതും സംശയത്തിനിടയാക്കും . ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അഭിമുഖം അവസാനിപ്പിക്കാറുണ്ടെന്നും ഇത് വഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനിലെ പ്രമുഖ ബിരുദധാരികളായ ഉദ്യോഗാർഥികളെ നിയമിക്കുന്ന സ്ഥാപനങ്ങളുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റുഡന്റ് എംപ്ലോയേഴ്സിന്റെ (ഐഎസ്ഇ) വാർഷിക സർവേയിലാണ് നിയമന നടപടികളിലെ ക്രമക്കേടുകൾ റെക്കോർഡ് ഉയരത്തിലെത്തിയതായി വ്യക്തമാക്കിയത്. സർവേയിൽ പങ്കെടുത്ത തൊഴിലുടമകളിൽ 92 ശതമാനം പേരും ഉദ്യോഗാർഥികൾ നിയമന നടപടികളിൽ ക്രമക്കേട് നടത്തിയതായി സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 85 ശതമാനവും അതിനു മുൻവർഷം 78 ശതമാനവുമായിരുന്നു. അഭിമുഖങ്ങളിലും ഓൺലൈൻ പരീക്ഷകളിലും അനുമതിയില്ലാതെ എഐ ഉപയോഗിക്കുന്നതാണ് പ്രധാന ക്രമക്കേട്. 66 ശതമാനം തൊഴിലുടമകളും അഭിമുഖത്തിനിടെ ബിരുദധാരികൾ എഐ ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്തു. ഓൺലൈൻ പരീക്ഷകൾ പൂർത്തിയാക്കാൻ എഐ ഉപയോഗിച്ചത് 47 ശതമാനം തൊഴിലുടമകളും ചൂണ്ടിക്കാട്ടി. അപേക്ഷാ ചോദ്യങ്ങൾക്കും ബയോഡാറ്റ, കവർ ലെറ്റർ എന്നിവ തയ്യാറാക്കാനും എഐ ഉപയോഗിക്കുന്നതായും സർവേയിൽ പറയുന്നു. എഐയുടെ സഹായത്തോടെ സ്വന്തം കഴിവുകളെ തെറ്റായി അവതരിപ്പിക്കുന്നവർക്ക് അനുയോജ്യമല്ലാത്ത ജോലി ലഭിക്കാനിടയുണ്ടെന്ന് ഐഎസ്ഇ മേധാവി സ്റ്റീഫൻ ഇഷർവുഡ് മുന്നറിയിപ്പ് നൽകി.

അതേസമയം, എഐയുടെ വരവ് ബിരുദധാരികളുടെ തൊഴിൽ അവസരങ്ങളിൽ ഉടനടി വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടില്ലെന്നാണ് സർവേയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം എട്ട് ശതമാനം ഇടിഞ്ഞ ബിരുദധാരികളുടെ നിയമനം 2026ൽ നാല് ശതമാനം വർധിച്ചതായും അടുത്ത 12 മാസത്തിനിടെ ഏഴ് ശതമാനം കൂടി ഉയരുമെന്നാണ് തൊഴിലുടമകളുടെ പ്രതീക്ഷയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ 40 ശതമാനം സ്ഥാപനങ്ങൾ നിയമനം കുറച്ചപ്പോൾ 45 ശതമാനം സ്ഥാപനങ്ങൾ നിയമനം വർധിപ്പിച്ചു; 15 ശതമാനം സ്ഥാപനങ്ങൾ മാറ്റമില്ലാതെ തുടർന്നു. സാമ്പത്തിക അനിശ്ചിതത്വവും നിലവിലെ കടുത്ത സാമ്പത്തിക സാഹചര്യവുമാണ് നിയമനത്തിലെ കുറവിന് പ്രധാന കാരണമെന്നും എഐയുടെ സ്വാധീനമല്ലെന്നും ഇഷർവുഡ് വ്യക്തമാക്കി. തൊഴിൽ മേഖലയിൽ എഐയുടെ വലിയ പ്രത്യാഘാതങ്ങൾ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിലായിരിക്കും പ്രകടമാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.