ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രി ട്രസ്റ്റുകളെ ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. വംശീയത, അക്രമം, ലൈംഗിക അതിക്രമം എന്നിവ തടയുന്നതിൽ ട്രസ്റ്റുകൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. 15 ലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാരെ ബാധിക്കുന്ന ഈ പദ്ധതി ജൂലൈ മുതൽ നടപ്പാക്കും. യുകെയിലെ എൻഎച്ച്എസിൽ വലിയ തോതിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും കൂടുതൽ സുരക്ഷിതവും വിവേചനരഹിതവുമായ ജോലിസാഹചര്യം ഉറപ്പാക്കാൻ ഈ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വംശീയതയെ ചെറുക്കൽ, അക്രമം തടയൽ, ലൈംഗിക സുരക്ഷ ഉറപ്പാക്കൽ, സൗകര്യപ്രദമായ ജോലി ക്രമീകരണങ്ങൾ, മേൽനോട്ട സംവിധാനത്തിന്റെ നിലവാരം, ആരോഗ്യ-ക്ഷേമ പിന്തുണ എന്നിവ ഉൾപ്പെടെ ആറു മേഖലകളിലാണ് ആശുപത്രി ട്രസ്റ്റുകൾക്ക് ഒന്നുമുതൽ നാലുവരെയുള്ള സ്കോർ നൽകുക. ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഈ വിലയിരുത്തൽ ഇനി മുതൽ കാത്തിരിപ്പ് സമയം കുറയ്ക്കൽ, അടിയന്തര വിഭാഗങ്ങളുടെ പ്രവർത്തനം തുടങ്ങിയ നിലവിലെ പ്രകടന സൂചികകൾക്കൊപ്പമാണ് ട്രസ്റ്റുകളുടെ ആകെ റേറ്റിംഗിനെ സ്വാധീനിക്കുക. മികച്ച റേറ്റിങ് നേടാൻ ട്രസ്റ്റുകൾ ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടി വരുമെന്നതും ശ്രദ്ധേയമാണ്.

എൻഎച്ച്എസ് സ്റ്റാഫ് സർവേ പ്രകാരം കഴിഞ്ഞ വർഷം ലക്ഷക്കണക്കിന് ജീവനക്കാർ ആക്രമണം, പീഡനം, വിവേചനം എന്നിവ നേരിട്ടിട്ടുണ്ട്. ആംബുലൻസ് ജീവനക്കാരിൽ മൂന്നിലൊരാളും നേഴ്സുമാരിലും മിഡ്‌വൈഫുമാരിലും പത്തിൽ ഒരാളിലധികവും അനാവശ്യ ലൈംഗിക പെരുമാറ്റത്തിന് ഇരയായതായി റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരെ മാന്യമായും സുരക്ഷിതമായും പരിഗണിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ മികച്ച രോഗി പരിചരണം നൽകാനാകൂവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.