ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങള്‍ തടയുകയും കടുത്ത വേദനയുളവാക്കുകയും ചെയ്യുന്ന എഹ്ലേഴ്‌സ്-ഡാന്‍ലോസ് രോഗത്തിന് അടിമയായ യുവതിയെ വിമാനത്തില്‍ കയറാന്‍ വിമാനത്താവള ജീവനക്കാര്‍ സഹായിച്ചില്ലെന്ന് പരാതി. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കുന്ന തനിക്ക് സഹായം ആവശ്യമായ വിധത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിമാനത്താവള ജീവനക്കാര്‍ പറഞ്ഞതെന്ന് നതാലി ഓള്‍പോര്‍ട്ട് ഗ്രാന്‍ഥാം എന്ന 23കാരി വിശദീകരിക്കുന്നു. പ്രത്യേക സഹായം ബുക്ക് ചെയ്തിരുന്നെങ്കിലും തന്നെ സഹായിക്കുന്നത് സമയം മെനക്കെടുത്തലാണെന്ന് ജീവനക്കാര്‍ പറഞ്ഞതായി നതാലി പറഞ്ഞു.

ഫ്രാന്‍സിലെ വിനോദസഞ്ചാര കേന്ദ്രമായ നീസിലേക്ക് പോകാനാണ് ഇവര്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലെത്തിയത്. വീല്‍ചെയറിലാണെങ്കിലും പ്രത്യക്ഷത്തില്‍ അംഗവൈകല്യങ്ങളൊന്നും ദൃശ്യമല്ലാത്തതിനാലാകും ഗേറ്റിലുണ്ടായിരുന്ന ജീവനക്കാര്‍ വളരെ മോശമായാണ് തന്നോട് പെരുമാറിയതെന്നും താന്‍ ആവശ്യപ്പെട്ട സേവനം നിഷേധിച്ചുവെന്നും നതാലി പറഞ്ഞു. നിങ്ങളെപ്പോലുള്ളവരെയല്ല, വൈകല്യങ്ങളുള്ളവരെ സഹായിക്കാനാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നായിരുന്നു ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത്.

തന്റെ പേര് പോലും നോക്കാതെയായിരുന്നു ജീവനക്കാരിയുടെ രോഷപ്രകടനം. അത് പരിശോധിച്ചിരുന്നെങ്കില്‍ താനാണ് സഹായം ആവശ്യപ്പെട്ടിരുന്നതെന്നും അതിനായാണ് ജീവനക്കാരിയെ നിയോഗിച്ചതെന്നും മനസിലാകുമായിരുന്നു. അല്പദൂരം നടന്നാല്‍ പോലും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്ന രോഗവും തനിക്കുണ്ടെന്ന് നതാലി പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം തനിക്ക് സഹായം ലഭിച്ചെങ്കിലും ജീവനക്കാരിയുടെ പെരുമാറ്റം വളരെ പ്രയാസമുണ്ടാക്കുന്നതായിരുന്നെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ച വിമാനത്താവളം അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.