യുകെയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന് പ്രാർത്ഥനയുടെയും ആത്മീയ നവീകരണത്തിന്റെയും ധന്യമുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടവകയായ ലിവർപൂൾ സമാധാന രാജ്ഞിയുടെ ദേവാലയത്തിലെ സംയുക്ത തിരുനാൾ മഹോത്സവം ഭക്തിനിർഭരമായി സമാപിച്ചു.

ജൂൺ 28-ന് ഭക്തിനിർഭരമായ കൊടിയേറ്റത്തോടെ തുടങ്ങിയ ആഘോഷങ്ങളിൽ ഓരോ ദിവസവും ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും ഫോറങ്ങളുടെയും നേതൃത്വത്തിലാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരുന്നത്. കുട്ടികൾ, കുടുംബങ്ങൾ, രോഗികൾ, വിദ്യാർത്ഥികൾ എന്നിവർക്കായി സമർപ്പിക്കപ്പെട്ട പ്രത്യേക നൊവേന പ്രാർത്ഥനകൾ വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിനുള്ള വലിയൊരു അവസരമായി മാറി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വൈദികർ ഓരോ ദിവസത്തെയും തിരുക്കർമ്മങ്ങളിൽ മുഖ്യകാർമ്മികത്വം വഹിച്ചു. റവ. ഫാ. ജിനോ അരീക്കാട്ട്, റവ. ഫാ. ആൻഡ്രൂസ് ചെതലൻ, റവ. ഫാ. ഫ്രാൻസിസ് ജോർജ് SSP, റവ. ഫാ. സിജോ മാണിപ്പറമ്പിൽ, റവ. ഫാ. സുനി പടിഞ്ഞാറേക്കര എന്നിവർ വചനസന്ദേശങ്ങൾ നൽകി. ജൂലൈ 3 ദുക്റാന തിരുനാൾ ദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ വൈദികനായ റവ. ഫാ. ടോണി കോച്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷമായ റാസ കുർബാന വിശ്വാസികൾക്ക് സവിശേഷമായ ആത്മീയ അനുഭവമാണ് സമ്മാനിച്ചത്. ജൂലൈ 4 ശനിയാഴ്ച കത്തീഡ്രൽ വികാരി റവ. ഫാ. വർഗീസ് താനാമാവുങ്കൽ വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു.

ജൂലൈ 5 ഞായറാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിച്ച തിരുനാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ഫിനാൻസ് ഓഫീസർ റവ. ഫാ. ജോ മുലേച്ചേരി VC മുഖ്യകാർമ്മികത്വം വഹിച്ചു. കുർബാനയ്ക്ക് ശേഷം മുത്തുക്കുടകളുടെ അകമ്പടിയോടെ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടന്നു. തുടർന്ന് ഇടവകയിലെ എല്ലാ കുടുംബങ്ങളും സ്നേഹവിരുന്നിൽ പങ്കെടുത്തു.പ്രവാസികളായ നമ്മൾ ഓരോരുത്തർക്കും നാട്ടിലെ തിരുന്നാളിന്റെ ഓർമ പുതുക്കുവാനായി പള്ളിമുറ്റത്തു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്റ്റാളുകൾ ഉണ്ടായിരുന്നു. വൈകുന്നേരം പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ നിനോ തേക്കുംതലയുടെ മേൽനോട്ടത്തിൽ ഇടവകയിലെ വിവിധ ഭക്തസംഘടനകളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാവിരുന്ന് പ്രവാസ മണ്ണിൽ സീറോ മലബാർ പാരമ്പര്യ തനിമ വിളിച്ചോതുന്നതായിരുന്നു. ചവിട്ടുനാടകം, പരിചമുട്ടുകളി, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കാണികൾക്ക് പുതിയ ഒരു അനുഭവമായി മാറി. തിരുന്നാൾ അതിമനോഹരമായി സമാപിച്ചതിൽ ഇടവക വികാരി ജെയിംസ് കോഴിമലയുടെയും തിരുന്നാൾ ജനറൽ കൺവീനർ ഷിജു കിടങ്ങയിലിന്റെയും കൈക്കാരന്മാരായ നോബിൾ ബേബി, ശ്രീജു സെബാസ്റ്റ്യൻ, സിബി ജോർജ്, ജിനോ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനവും സഹായകമായി
പ്രവാസ മണ്ണിലെ പ്രാർത്ഥനയും ഒത്തുചേരലും ലിവർപൂളിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും ആത്മീയതയും കൂടുതൽ ശക്തമാക്കിയതിന്റെ സംതൃപ്തിയോടെയാണ് വിശ്വാസികൾ മടങ്ങിയത്.












Leave a Reply