ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ അഫിലിയേറ്റഡ് സെന്ററായ യു.കെ.യിലെ ശിവഗിരി ആശ്രമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ചതയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗുരുകൃപ സത്സംഗം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ആശ്രമം പ്രസിഡന്റ് ബൈജു പാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ശിവഗിരി മഠത്തിന്റെ അഡ്വൈസറി ബോർഡ് അംഗവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിന്റെ പ്രതിനിധിയും ഗുരുധർമ്മ പ്രചാരണസഭയുടെ ജോയിന്റ് സെക്രട്ടറിയുമായ സ്വാമി വീരേശ്വരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ, ശ്രീനാരായണ ഗുരുദേവന്റെ മാനവിക ദർശനമാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും അനിവാര്യമെന്ന് പറഞ്ഞു. യുദ്ധങ്ങളും വിദ്വേഷവും സാമൂഹിക അസമത്വങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുവിന്റെ സന്ദേശം ലോകസമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയാണെന്നും, ഗുരുദേവ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. യു.കെ.യിലെ ശിവഗിരി ആശ്രമം ഈ ദൗത്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ കെ.ജി. ബാബുരാജൻ, “സംഘടന കൊണ്ട് ശക്തരാകുക” എന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനം ജീവിതത്തിൽ പകർത്തി സേവനം യു.കെ. നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ അനുഗ്രഹഫലമാണ് യു.കെ.യിലെ ശിവഗിരി ആശ്രമമെന്ന് പറഞ്ഞു. ആശ്രമത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ച എല്ലാവരുടെയും ത്യാഗവും സമർപ്പണവും അദ്ദേഹം അനുസ്മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശ്രമം സ്വന്തമാക്കുന്നതിനായി നിർണായകമായ സാമ്പത്തിക സഹായം നൽകിയ ശ്രീ സിബി കുമാറിന്റെ നിസ്വാർത്ഥ സേവനത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സമൂഹത്തിനും ഗുരുദേവന്റെ ദർശനത്തിനുമായി സ്വന്തം സമ്പത്തും മനസ്സും സമർപ്പിക്കുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും, ശ്രീ സിബി കുമാറിന്റെ പിന്തുണയും വിശ്വാസവുമാണ് ആശ്രമത്തിന്റെ അടിത്തറ കൂടുതൽ ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്, യു.കെ.യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവർത്തന ഫണ്ടിലേക്ക് 50 ലക്ഷം രൂപയുടെ ചെക്ക് കെ.ജി. ബാബുരാജൻ കൈമാറി. സ്വാമി വീരേശ്വരാനന്ദ, അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ, പ്രസിഡന്റ് ബൈജു പാലക്കൽ, സെക്രട്ടറി ഗണേഷ് ശിവൻ വൈസ് പ്രസിഡണ്ട് ശ്രീ സജീഷ് ദാമോദർ എന്നിവർ സന്നിഹിതരായിരുന്നു. ആശ്രമം സെക്രട്ടറി ഗണേഷ് ശിവൻ സ്വാഗതവും ഗുരുമിത്ര കോർഡിനേറ്റർ ബിജിമോൾ അജിമോൻ നന്ദിയും രേഖപ്പെടുത്തി.