നെയ്പിഡോ: മ്യാൻമാറിന് സമീപം ബംഗാൾ ഉൾക്കടലിൽ രണ്ട് ബോട്ടുകൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 500ലേറെ റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ അറിയിച്ചു. ജൂൺ അവസാനത്തോടെ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർഥി ക്യാംപുകളിൽ നിന്നും യാത്ര ആരംഭിച്ച ബോട്ടുകളാണ് ദുരന്തത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ഏകദേശം 250 പേരുമായി പുറപ്പെട്ട ഒരു ബോട്ടുമായി യാത്ര തുടങ്ങിയതിന് പിന്നാലെ ബന്ധം നഷ്ടമായതായി റിപ്പോർട്ടുണ്ട്. മറ്റൊരു ബോട്ട് ജൂലൈ 8ന് മ്യാൻമർ തീരത്തിന് സമീപം മുങ്ങിയെന്നാണ് വിവരം. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യു.എൻ.എച്ച്.സി.ആറും വ്യക്തമാക്കി.
മ്യാൻമറിലെ സംഘർഷവും അഭയാർഥി ക്യാംപുകളിലെ ദുരിതജീവിതവും കാരണം സുരക്ഷിതമായ ജീവിതം തേടി റോഹിങ്ക്യർ അപകടകരമായ കടൽയാത്രകൾ തുടരുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കാണാതായവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനുമായി അന്താരാഷ്ട്ര ഇടപെടൽ അടിയന്തിരമായി ആവശ്യമാണെന്നും യു.എൻ. ഏജൻസികൾ ആവശ്യപ്പെട്ടു.











Leave a Reply