ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകശ്രദ്ധ നേടിയ വ്യാജ ഗർഭ വിവാദത്തിലെ മുഖ്യകഥാപാത്രമായ സ്‌കോട്‍ ലൻഡിലെ എയർഡ്രി സ്വദേശിനി കിറ കസിന്‍സ് (23) ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചു. ഗർഭിണിയാണെന്ന് മുൻ കാമുകനായ ജെയ്മി ഗാർഡ്നറെയും കുടുംബാംഗങ്ങളെയും മാസങ്ങളോളം വിശ്വസിപ്പിച്ച ശേഷം പ്ലാസ്റ്റിക് പാവയെ സ്വന്തം നവജാത ശിശുവായി അവതരിപ്പിച്ചതാണ് വലിയ വിവാദമായത്. ഗർഭഛിദ്രം സംഭവിച്ച ശേഷമാണ് താൻ ഈ സാഹചര്യത്തിലേക്ക് എത്തിപ്പെട്ടതെന്നും, ഗർഭം നഷ്ടപ്പെട്ട വിവരം ജെയ്മിയോട് തുറന്നു പറയാൻ കഴിയാതെ പോയതാണ് പിന്നീട് വലിയ വഞ്ചനയിലേക്ക് നയിച്ചതെന്നും കിറ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിപ്പോർട്ടുകൾ പ്രകാരം, കിറ മാസങ്ങളോളം കൃത്രിമ ഗർഭവയർ ധരിക്കുകയും കുഞ്ഞിന്റെ സ്‌കാൻ ചിത്രങ്ങൾ പങ്കുവെക്കുകയും ലിംഗവെളിപ്പെടുത്തൽ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുഞ്ഞ് ജനിച്ചുവെന്ന് അവകാശപ്പെട്ട അവർ, കുഞ്ഞിനെ മറ്റാരെയും കാണിക്കാതെ സൂക്ഷിച്ചിരുന്നതായും പറയുന്നു. എന്നാൽ കുഞ്ഞിന്റെ കരച്ചിൽ ഒരിക്കലും കേൾക്കാതിരുന്നതും അടുത്ത ബന്ധുക്കൾക്ക് കുഞ്ഞിനെ കാണാൻ സാധിക്കാതിരുന്നതും സംശയങ്ങൾക്ക് ഇടയാക്കി. ഒടുവിൽ കിറയുടെ മുറിയിൽ നിന്ന് ജീവസദൃശമായ പാവ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

താൻ യഥാർഥത്തിൽ പിതാവായെന്ന് വിശ്വസിച്ചിരുന്നുവെന്നും പാവയെ കുഞ്ഞായി തന്നെയാണ് കരുതിയിരുന്നതെന്നും ജെയ്മി ഗാർഡ്നർ പ്രതികരിച്ചു. പാവ യഥാർഥ കുഞ്ഞല്ലെന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ ബന്ധം തുടർന്നേനെയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദം പുറത്തുവന്നതിന് ശേഷം ഇരുവരും ചില തവണ സംസാരിച്ചിരുന്നുവെന്നാണ് കിറയുടെ അവകാശവാദം. എന്നാൽ വിവാദങ്ങളിൽ നിന്ന് അകന്ന് ജീവിതവുമായി മുന്നോട്ട് പോകാനാണ് തന്റെ ആഗ്രഹമെന്ന് ജെയ്മി വ്യക്തമാക്കി.