ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീടുകൾ വാങ്ങുന്നതിനുള്ള മോർട്ട്ഗേജ് ഡിമാൻഡ് ഓഗസ്റ്റിൽ 32 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകൾ പ്രകാരം പുതിയ വീടുകൾ വാങ്ങുന്നതിനായി ഓഗസ്റ്റിൽ അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 54,918 ആയി ആണ് കുറഞ്ഞത് . 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ കണക്കാണിത്. ഇറാനിലെ യുദ്ധത്തെ തുടർന്നുണ്ടായ എണ്ണവില വർധനയും അതുവഴി വായ്പാ ചെലവുകൾ ഉയർന്നതുമാണ് ഭവന വിപണിയിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് വീടുവാങ്ങുന്നവർക്കുള്ള വായ്പ 15 ശതമാനം കുറഞ്ഞതായി നൈറ്റ് ഫ്രാങ്ക് ഫിനാൻസ് വ്യക്തമാക്കി.

പുതിയ മോർട്ട്ഗേജുകളുടെ ‘എഫക്റ്റീവ്’ പലിശനിരക്കും ഓഗസ്റ്റിൽ ഉയർന്നു. ജൂലൈയിലെ 4.45 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ ഇത് 4.60 ശതമാനമായി. റീമോർട്ട്ഗേജ് അംഗീകാരങ്ങളും ജൂലൈയിലെ 34,600ൽ നിന്ന് ഓഗസ്റ്റിൽ ഏകദേശം 34,000 ആയി കുറഞ്ഞു. ഭവനവായ്പകളുടെ ഉയർന്ന ചെലവ് വാങ്ങൽ ശേഷിയെ ബാധിക്കുന്നതായി കെപിഎംജി യുകെയിലെ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതിനിടെ, മണിഫാക്ട്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.94 ശതമാനമായി ഉയർന്നു. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. രണ്ട് വർഷത്തെ ഫിക്സഡ് നിരക്കും 5.93 ശതമാനമായി ഉയർന്ന് 2024 ജൂലൈയ്ക്ക് ശേഷമുള്ള ഉയർന്ന നിലയിലെത്തി.

മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നുതന്നെ തുടരുന്നത് ബ്രിട്ടനിലെ ഭവന വിപണിയിലെ ഇടപാടുകളെ കൂടുതൽ ബാധിക്കുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്സിലെ യുകെ ചീഫ് ഇക്കണോമിസ്റ്റ് പോൾ ഡെയിൽസ് മുന്നറിയിപ്പ് നൽകി. 2027ന്റെ ഭൂരിഭാഗം സമയത്തും മോർട്ട്ഗേജ് നിരക്കുകൾ 4.5 ശതമാനത്തിന് മുകളിൽ തുടരാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, ആദ്യമായി വീട് വാങ്ങുന്നവരെ ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച പുതിയ ‘Your First Home’ പദ്ധതി ഭവനവിപണിയിലെ ആവശ്യകതയെ ബാധിക്കുന്ന ഉയർന്ന വായ്പാ നിരക്കുകളേക്കാൾ കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്തുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.











Leave a Reply