ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫിഫ ലോകകപ്പും വനിതാ ലോകകപ്പും ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ നിയന്ത്രിക്കുന്ന പുതിയ സ്ഥാപനത്തിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി നൽകാനുള്ള പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിക്കെതിരെ യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനായ യെഫ (UEFA) ശക്തമായി രംഗത്തെത്തി. അടിയന്തിര യോഗത്തിന് ശേഷം ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള 55 അംഗരാജ്യങ്ങളും ഏകകണ്ഠമായി പദ്ധതിയെ തള്ളുകയും, നിർദേശം പിൻവലിക്കാത്ത പക്ഷം ലോകകപ്പടക്കമുള്ള എല്ലാ ഫിഫ മത്സരങ്ങളും ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ലോകകപ്പ് ഒരു നിക്ഷേപ ഉൽപ്പന്നമല്ലെന്നും തലമുറകളായി കളിക്കാരും ദേശീയ ടീമുകളും ആരാധകരും ചേർന്ന് സൃഷ്ടിച്ച ഫുട്ബോളിന്റെ ഏറ്റവും വലിയ പൈതൃകമാണെന്നും യെഫ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വകാര്യ നിക്ഷേപകർക്ക് ഉടമസ്ഥാവകാശം ലഭിച്ചാൽ മത്സരക്രമം, ടൂർണമെന്റ് ഫോർമാറ്റുകൾ, ഫുട്ബോളിന്റെ ഭാവി സംബന്ധിച്ച തീരുമാനങ്ങൾ എന്നിവ കായിക താൽപര്യത്തിനല്ല, ഓഹരിയുടമകളുടെ ലാഭത്തിനായിരിക്കും രൂപപ്പെടുകയെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ഇത്തരമൊരു നിർണായക പദ്ധതി ഫുട്ബോൾ സംഘടനകളുമായി യാതൊരു ഗൗരവമായ ചർച്ചയും നടത്താതെയാണ് ഫിഫ മുന്നോട്ടുവച്ചതെന്നും യെഫ ആരോപിച്ചു.

ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ (FA), സ്കോട്‍ ലൻഡ്, വെയിൽസ് തുടങ്ങിയ ദേശീയ സംഘടനകളും യെഫയുടെ നിലപാടിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, പദ്ധതിയുടെ നടപടിക്രമങ്ങളിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോൺകകാഫും (CONCACAF) നിർദേശം തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ ആഗോള ഫുട്ബോളിന്റെ വികസനത്തിന് കൂടുതൽ നിക്ഷേപം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് ഇൻഫാന്റിനോയുടെ വിശദീകരണം. യെഫയുടെ പ്രതിഷേധം മൂലം ഫിഫയും യൂറോപ്യൻ ഫുട്ബോളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലെത്തിയിരിക്കുകയാണ്.











Leave a Reply