ഗിരിജാവാര്യർ
പോയകാലത്തിന്റെ നനവ് ഓർമ്മകളിലേക്ക് കണ്ണിചേർക്കാനണയുന്ന ഓണമേ, നീ എനിക്ക് പ്രിയപ്പെട്ടതാകുന്നത് എന്തുകൊണ്ടാണ്? വിഷുവിനോ ആതിരയ്ക്കോ അവകാശപ്പെടാനാവാത്ത ഒരു വശ്യത നിന്നിൽ ഞാൻ വിളക്കിച്ചേർക്കുന്നത് എന്തുകൊണ്ടാണ്?
“ ഓർക്കുവാൻ എന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിനവാണിതോണം!”
“ഓർക്കുവാൻ എന്തെങ്കിലുമോ?? “ ഓർമ്മയല്ലേ നിറയെ?ഓരോ ഓണവും അരികിലണയുമ്പോൾ പതഞ്ഞുപൊങ്ങിത്തൂവുന്നതും ആ ഓണഗന്ധങ്ങളല്ലേ?
നറുനെയ്യിൽ കുഴയ്ക്കുന്ന ഇളം ചൂടുള്ള പുഞ്ചനെൽച്ചോറിന്റെ…
ഇളംമഞ്ഞ നിറത്തിൽ ഓട്ടുരുളിയിൽ തിളച്ചുമറിയുന്ന പാൽപ്പായസത്തിന്റെ..
തൃക്കാക്കരയപ്പന് നിവേദിക്കാൻ തുമ്പപ്പൂവിട്ട്, അമ്മയുടെ സ്നേഹമധുരം വിതറി തയ്യാറാക്കുന്ന ഇലയടയുടെ..
അച്ഛന്റെ വിരൽത്തുമ്പിൽനിന്നൊഴുകുന്ന അരിമാവിൽ ചാണകം മെഴുകിയ മുറ്റത്ത് വിരിയുന്ന മാക്കോലങ്ങളുടെ…
അമ്മയുടെ,കൈതോലമണംപേറുന്ന കാൽപ്പെട്ടിയിൽനിന്ന് മോക്ഷംതേടി, ഉത്രാടപ്പുലരിയിൽ കൈവെള്ളയിൽ വന്നുചേരുന്ന കോടിയുടുപ്പുകളുടെ..
മാവേലിമുടിയിൽ അണിയാൻ പച്ചീർക്കിലയിൽ ചേർത്തുകെട്ടുന്ന തുളസിക്കതിരിന്റെ..തെച്ചിയുടെ..
“പതിറ്റടി കഴിഞ്ഞ നേരത്തിനി കുളവരമ്പിലെ തെച്ചിക്കാട്ടില് പോണ്ടാ കുട്ട്യോളേ, മൂർഖൻപാമ്പ് ണ്ടാവും”
കാലത്തിന്റെ മൂടുപടം നീക്കിയെത്തുന്ന നേർത്തശബ്ദത്തിന്റെ അനുരണനങ്ങൾ കാതിൽ. അതിങ്ങനെ ഉള്ളിൽ പതഞ്ഞുതൂവിയപ്പോൾ പച്ചീർക്കിലയിൽ തുളസിയും തെച്ചിയും വച്ച് ചേർത്തുകെട്ടി മാവേലിയ്ക്ക് മുടിപ്പൂവുണ്ടാക്കാൻ തുടങ്ങി. തുളസിനീര് കയ്യിൽ പുരളുമ്പോൾ അമ്മമണം അനുഭവിക്കുന്നതുപോലെ!!
ഗേറ്റിനരികിൽ ചിരിച്ചുനിൽക്കുന്നു വെള്ളമന്ദാരങ്ങൾ! “നൈർമ്മല്യത്തിന്റെ ചിന്തുപാടി നിൽക്കുന്ന ഞങ്ങളെ നീയെന്തേ കണ്ടില്ലാ” എന്ന ചോദ്യം ചുണ്ടിൽ.
കിണറ്റിൻകരയിലെ നന്ത്യാർവട്ടമാവട്ടെ,ചുറ്റിലുമൊരു വെള്ളക്കംബളം നിവർത്തിയിട്ടപോലൊരു പൂമെത്തയൊരുക്കിവച്ചിട്ടുണ്ട്. ആ ചില്ലയിൽ ഒന്ന് പിടിച്ചുകുലുക്കേണ്ട താമസം, “തുരുതുരെ പൂമഴയായി പിന്നെ”
ചെടിച്ചട്ടികൾക്കടുത്ത് പടർത്തിയ വെള്ളശംഖുപുഷ്പവള്ളിയിലുമുണ്ട് നിറയെ പൂക്കൾ !
അത്തക്കളം ‘വെള്ളക്കള’മാകുമോ എന്ന ശങ്കയിൽ കുറച്ച് നിറമുള്ള ഇലകളുടെ സഹായംതേടി. “അരിഞ്ഞിട്ട ഇലകൾക്കൊരാത്മാവില്ല” എന്നു ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടോ? ചെമ്പരത്തിപ്പൂവിന്റെ തുടുതുടുപ്പുള്ള,പേരറിയാത്ത ഒരു ചുവന്ന പൂ, തോട്ടത്തിൽ മന്ദാരത്തൈയിനോട് ചേർന്ന് നിൽപ്പുണ്ട്. “ചെമ്പരത്തിക്കു പകരമാവില്ലെങ്കിലും, എന്നെക്കൂടി പരിഗണിച്ചുകൂടെ” എന്നതു കാതിനോരത്ത് മന്ത്രിക്കുന്നത് കേട്ടാണ് തിരിഞ്ഞുനോക്കിയത്. “ഇനി നീയേ തുണ, നീയെന്റെ വെള്ളക്കളത്തിനു തുടുപ്പേകൂ”
“ഒരു പൂ മതി ഉർവ്വിയ്ക്കു ചൈത്രം രചിക്കുവാൻ ”
മുഴുത്തുരുണ്ട കാഴ്ചക്കുലകൾ മച്ചിലറയിലെ പത്തായത്തിലേക്ക് മാർച്ച് ചെയ്യുന്നു. പുകമണംകൊണ്ടു തപസ്സിരിക്കാൻ! മൂലംനാളിൽ മഞ്ഞനിറത്തിൽ പൊൻകണി വിരിയിച്ച്,കെട്ടിലറയിലെ വളയങ്ങളിൽ ചൂടിക്കയറിൽ ബന്ധിതരായി തൂങ്ങേണ്ടവരല്ലേ?
ചെമ്പരത്തിയിലേക്ക് പടർന്നുകയറിയ മത്തൻവള്ളി പൂക്കൈ പുറത്തുകാണിച്ച് മാടി വിളിക്കുന്നുണ്ട്.
“ ഇളവെയിൽക്കുമ്പിളിൽ തരിമഴ നിറച്ച്
ഇടറുന്ന വഴികളിൽത്തുടുകഴൽപ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പ്പോൽ നീ വന്നുവല്ലോ!
നന്ദി!തിരുവോണമേ നന്ദി!!”
എന്നാൽ, എവിടെ ആ ഇളവെയിൽക്കുമ്പിൾ?
ഇപ്പോഴത്തെ ഈ മഴപ്പെയ്ത്ത് ഉള്ളിലെ ഓണവെയില് മായ്ക്കുന്നു.
നളചരിതത്തിലെ “യാമി യാമി ഭൈമീ കാമിതം “ എന്ന പദം ഓർമ്മയിലെ നിലാവായി വന്നുപൊതിയുന്നു.കരികയറിയ നിലവിളക്കിൻനാളത്തിനുചുറ്റും ചുവടുവയ്ക്കുന്ന പെണ്ണുങ്ങളുടെ പതിഞ്ഞശബ്ദവും വിയർപ്പുഗന്ധവും ഗൃഹാതുരത്വമുണർത്തി ആത്മാവിൽ കിനിഞ്ഞിറങ്ങുമ്പോൾ,ആ നിർവൃതിയിൽ മിഴിയടച്ചു ഇത്തിരിനേരമിരിക്കാം,ശൂന്യമായ മുറിയിൽ, തനിച്ച്..
ഗിരിജാവാര്യർ:- പാലക്കാട്ടു സ്വദേശിയാണ്. പുതുപ്പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് HSST( Eng )ആയി വിരമിച്ചു. 4 കഥാസമാഹാരങ്ങളും രണ്ട് കവിതാ സമാഹാരങ്ങളുമടക്കം
ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തപസ്യ സാംസ്കാരിക സമിതി അവാർഡുകൾ, അങ്കണം ഷംസുദ്ദീൻ കവിതാ അവാർഡ്, സപര്യ സാംസ്കാരിക സമിതി അവാർഡുകൾ തുടങ്ങിയ ചില അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. തൃശ്ശൂർ റേഡിയോ നിലയത്തിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.














Leave a Reply