കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്കും. റിയാസുമായി അടുപ്പമുള്ള കോഴിക്കോട് ജില്ലയിലെ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി എട്ട് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച പരിശോധന നടത്തി. റിയാസിന്റെ ഭാര്യയും എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറുമായ ടി. വീണയുടെ മൊഴികളിൽനിന്നും തിരുവനന്തപുരത്തെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോർട്ട്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. നിഖിൽ, ഡിവൈഎഫ്ഐ വെസ്റ്റ്ഹിൽ മേഖലാ ജോയിന്റ് സെക്രട്ടറി നന്ദുലാൽ, റിയാസിന്റെ സഹപാഠികളായ കെ.സി.കെ. ഡെന്റൽസ് ഉടമ പി.പി. ഷൈജൽ, ഐ.ടി. കമ്പനി ഉടമ ഫെബിഷ് മുഹമ്മദ്, കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എം.ഡി. വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ശേഖരിക്കുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. ചിലരുടെ സ്വത്ത് മരവിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ മേയിൽ വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ഇഡി പിടിച്ചെടുത്ത ചുവന്ന കവറുള്ള ഡയറിയാണ് അന്വേഷണത്തിൽ നിർണായകമായതെന്നാണ് വിവരം. എക്സാലോജിക്കിന്റെ അക്കൗണ്ടിൽനിന്ന് നിഖിൽ, വാരിഷ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന്റെ വിവരങ്ങൾ ഡയറിയിലുണ്ടായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം നൽകിയതെന്ന് വീണ മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്. ചില കാര്യങ്ങളിൽ ‘ഭർത്താവ് റിയാസിന് മാത്രമേ അറിവുള്ളൂ’ എന്നായിരുന്നു വീണയുടെ മറുപടിയെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ റിയാസിനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് ഇഡിയുടെ നിലപാടെന്നും റിപ്പോർട്ടുകൾ പറയുന്നു.











Leave a Reply