ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ GCSE പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം ഗ്രേഡ് 4 (സി ഗ്രേഡിന് തുല്യം) അല്ലെങ്കിൽ അതിലധികം നേടിയവരുടെ ശതമാനം 67.3 ആയി രേഖപ്പെടുത്തിയപ്പോൾ, 2025ലെ 67.4 ശതമാനത്തിൽ നിന്ന് നേരിയ കുറവാണ് ഉണ്ടായത്. ഇത് 2019-ൽ, കോവിഡ് മഹാമാരിക്ക് മുമ്പ് രേഖപ്പെടുത്തിയ നിലവാരത്തിന് തുല്യമാണെന്ന് പരീക്ഷാ കണക്കുകൾ വ്യക്തമാക്കുന്നു. ഫലത്തിൽ വലിയ ഇടിവില്ലെങ്കിലും ഏകദേശം മൂന്നിലൊന്ന് വിദ്യാർഥികൾക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായിട്ടില്ലെന്നത് വിദ്യാഭ്യാസ വിദഗ്ധരുടെ ശ്രദ്ധ നേടുകയാണ്.

പെൺകുട്ടികൾ ഇത്തവണയും ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇരു വിഭാഗങ്ങൾ തമ്മിലുള്ള അന്തരം കുറയുന്ന പ്രവണതയാണ് കാണുന്നത്. ഗ്രേഡ് 7 അല്ലെങ്കിൽ അതിലുപരി നേടിയവരിൽ പെൺകുട്ടികളുടെ വിഹിതം 24.4 ശതമാനമായപ്പോൾ ആൺകുട്ടികളുടേത് 19.6 ശതമാനമാണ്. മൊത്തം പാസ് നിരക്കിൽ പെൺകുട്ടികൾക്ക് 70.2 ശതമാനവും ആൺകുട്ടികൾക്ക് 64.4 ശതമാനവും ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ലിംഗ വ്യത്യാസം കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നുവെങ്കിലും, ഉയർന്ന ഗ്രേഡുകളുടെ കാര്യത്തിൽ പെൺകുട്ടികളുടെ മേൽക്കോയ്മ തുടരുകയാണ്.

ഇംഗ്ലണ്ടിലെ പ്രാദേശിക കണക്കുകളിൽ ലണ്ടൻ വീണ്ടും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മേഖലയായി. ലണ്ടനിൽ 28.6 ശതമാനം വിദ്യാർഥികൾ ഗ്രേഡ് 7 അല്ലെങ്കിൽ അതിലുപരി നേടിയപ്പോൾ, വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ഇത് 17.7 ശതമാനം മാത്രമാണ്. അതേസമയം ഇംഗ്ലീഷും ഗണിതവും ആദ്യ ശ്രമത്തിൽ വിജയിക്കാത്ത വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതേണ്ട നിലവിലെ നയം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. റീസിറ്റ് പരീക്ഷ എഴുതുന്നവരിൽ വിജയനിരക്ക് കുറഞ്ഞതോടെ, വിദ്യാർഥികളുടെ ആത്മവിശ്വാസത്തെ ഇത് ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാകുകയാണ്. വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങൾ കുറയ്ക്കാനും പ്രാദേശിക വ്യത്യാസങ്ങൾ പരിഹരിക്കാനും കൂടുതൽ നടപടികൾ ആവശ്യമാണെന്ന് വിദ്യാഭ്യാസ സംഘടനകൾ ആവശ്യപ്പെട്ടു.











Leave a Reply