ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ സിനഗോഗിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 49കാരനായ ഹിക്മത് ഒമർ അലി ഹക്കിമിനെതിരെ കുറ്റം ചുമത്തി. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചെന്നാണ് സാൽഫോർഡ് സ്വദേശിക്കെതിരായ കേസ്. വെള്ളിയാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കാനായി ഇയാളെ കസ്റ്റഡിയിൽ വിട്ടു. 2025 ഒക്ടോബർ 2ന് നടന്ന ആക്രമണത്തിൽ മെൽവിൻ ക്രാവിറ്റ്സ് (66), അഡ്രിയൻ ഡോൾബി (53) എന്നിവർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . എന്നാൽ സംഭവദിവസത്തെ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ഹക്കിം. അന്ന് ആക്രമണം നടത്തിയ ജിഹാദ് അൽ-ഷാമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ മുഴുവൻ പശ്ചാത്തലവും കണ്ടെത്താനും സംഭവത്തിൽ ഏതെങ്കിലും തരത്തിൽ പങ്കാളികളായവരെ തിരിച്ചറിയാനുമുള്ള അന്വേഷണം തുടരുകയാണെന്ന് കൗണ്ടർ ടെററിസം പൊലീസിലെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റോബ് പോട്ട്സ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും നേരത്തെ വിധി വന്നിരുന്നു . സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട മുഹമ്മദ് ബഷീറിന് ജൂലൈയിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു; ഇയാൾ കുറഞ്ഞത് 17 വർഷം ജയിലിൽ കഴിയേണ്ടി വരും . 2025 ഓഗസ്റ്റ് 14ന് ഓക്സ്ഫോർഡ്ഷയറിലെ ശ്രീവൻഹാമിലുള്ള യുകെ ഡിഫൻസ് അക്കാദമിയിലേക്ക് അൽ-ഷാമിയെ കൂട്ടിക്കൊണ്ടുപോയി ആക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.











Leave a Reply