പ്രൈവസി കേസ് പരാജയപ്പെട്ടതിനെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിൻസ് ഹാരി ഉൾപ്പെടെ ഏഴുപേർക്ക് ഡെയ്‌ലി മെയിൽ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സിന് 3.45 കോടി പൗണ്ട് വരെ നിയമച്ചെലവ് നൽകേണ്ടിവന്നേക്കും. ഹൈക്കോടതി ജഡ്ജി മിസ്റ്റർ ജസ്റ്റിസ് നിക്ലിൻ ഈ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഹാരി, സർ എൽട്ടൺ ജോൺ, ഡേവിഡ് ഫർണിഷ്, മുൻ ലിബറൽ ഡെമോക്രാറ്റ് ഡെപ്യൂട്ടി നേതാവ് സർ സൈമൺ ഹ്യൂസ്, ബാരനസ് ഡോറീൻ ലോറൻസ്, നടിമാരായ സാഡി ഫ്രോസ്റ്റും ലിസ് ഹർലിയും ഉൾപ്പെടെയാണ് കേസിലെ ഏഴ് ഹർജിക്കാർ. അടുത്ത വെള്ളിയാഴ്ചയ്ക്കകം 95.4 ലക്ഷം പൗണ്ട് ഇടക്കാല നിയമച്ചെലവായി പ്രസാധകർക്ക് നൽകണം.

അനധികൃതമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചെന്നായിരുന്നു ഹാരിയും സംഘവും അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ ജൂലൈ 7ന് ജസ്റ്റിസ് നിക്ലിൻ ഈ അവകാശവാദങ്ങൾ തള്ളുകയായിരുന്നു. കേസ് അവതരിപ്പിച്ച രീതി ‘ യുക്തിരഹിതമായിരുന്നു എന്ന് വിമർശിച്ച കോടതി തെറ്റായ പ്രവർത്തനങ്ങളും ക്രിമിനൽ സ്വഭാവമുള്ള ആരോപണങ്ങളും തെളിവില്ലെങ്കിൽ പിൻവലിക്കേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി. അതേസമയം, പ്രസാധകർ ആവശ്യപ്പെട്ട 3.45 കോടി പൗണ്ട് മുഴുവൻ അനുവദിക്കണമെന്നല്ല കോടതി പറഞ്ഞത്. തുക വളരെ കൂടുതലാണെന്നും ചെലവുകൾ യുക്തിസഹമാണോ എന്ന കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ജഡ്ജി വ്യക്തമാക്കി. കേസിൽ പരാജയപ്പെട്ട ഏഴുപേർക്ക് ഒക്ടോബർ 2 വരെ വിധിക്കെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിനായി നേരത്തെ 1.62 കോടി പൗണ്ട് വരെയുള്ള നിയമച്ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഇവർക്കുണ്ടായിരുന്നു. എന്നാൽ പ്രസാധകർ കേസ് പ്രതിരോധിക്കാൻ ഏകദേശം 3.45 കോടി പൗണ്ട് ചെലവഴിച്ചതായി കോടതിയെ അറിയിച്ചു. ഇതോടെ ഇൻഷുറൻസ് പരിധിക്ക് മുകളിലുള്ള ഏകദേശം 1.8 കോടി പൗണ്ടിന്റെ അധിക തുക ഹാരിയും മറ്റ് ഹർജിക്കാരും വഹിക്കേണ്ട സാഹചര്യമുണ്ടാകാം. വിധിയിൽ നിരാശയുണ്ടെന്ന് സർ സൈമൺ ഹ്യൂസ് പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ മാസം വിധിക്ക് പിന്നാലെ പ്രിൻസ് ഹാരിയും ബാരനസ് ലോറൻസും കോടതിയിൽ നിന്ന് തങ്ങൾക്ക് നീതിയും ഉത്തരവാദിത്തവും ലഭിച്ചില്ലെന്നും വിധി ‘പൂർണമായും തെറ്റായ വിലയിരുത്തലാണെന്നും’ ആരോപിച്ചിരുന്നു. ഇനി അപ്പീൽ നടപടികളും നിയമച്ചെലവ് സംബന്ധിച്ച വിശദമായ വാദങ്ങളും കേസിൽ നിർണായകമാകും.