ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിഡിൽസ്ബറോയ്ക്ക് സമീപം എ66 പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.39ഓടെ സൗത്ത് ബാങ്കിലാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ സഞ്ചരിച്ച പൊലീസ് വാഹനവും വോക്‌സ്‌വാഗൺ പാസാറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. പാസാറ്റ് എ66 തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് ക്ലീവ്ലൻഡ് പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിൽ ഇരു വാഹനങ്ങളിലുമുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. മരിച്ചവരിൽ പാസാറ്റിൽ യാത്ര ചെയ്തിരുന്ന അഞ്ച് ആളുകളും ഉൾപ്പെടുന്നു. സംഭവത്തിൽ പൊലീസ് വാച്ച് ഡോഗായ ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പൊലീസ് കണ്ടക്ട് (IOPC) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായ ഒരു വാഹനം പൊലീസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിന്തുടരൽ ആരംഭിച്ചിരുന്നുവെന്നാണ് ഐ ഒ പി സി യുടെ പ്രാഥമിക വിവരം. അപകടത്തിന്റെ പൂർണ സാഹചര്യങ്ങൾ അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.

അപകടത്തെ തുടർന്ന് എ66 ൻ്റെ ഇരുദിശകളിലുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. സംഭവസ്ഥലത്ത് വൻ പൊലീസ്, അഗ്നിരക്ഷാ, ആംബുലൻസ് സേനകൾ എത്തി. 14 ആംബുലൻസ് സംവിധാനങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതെന്ന് നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ക്ലീവ്ലൻഡ് പൊലീസ് പ്രത്യേക പിന്തുണ നൽകുന്നുണ്ട്. അപകടത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് അഭ്യർഥിച്ചു.