ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ മലയാളി നേഴ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഓഗസ്റ്റ് 21ന് രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് അന്നേദിവസം ജോലിക്ക് പോകേണ്ടിയിരുന്ന ഷൈമിയെ വീട്ടിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായിരുന്ന ഷൈമി പാചകവുമായി ബന്ധപ്പെട്ട വിഡിയോകളും മറ്റു ജീവിതാനുഭവങ്ങളും പങ്കുവെച്ചിരുന്നു. സൗഹൃദപരമായ ഇടപെടലുകളിലൂടെയും പാചക വിഡിയോകളിലൂടെയും ശ്രദ്ധ നേടിയിരുന്ന ഷൈമിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും.
കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകനാണ് ജോയൽ. പഠനത്തിനായി യുകെയിലെത്തിയ ജോയലും ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും സഹോദരന്മാരും യുകെയിലുണ്ട്. 2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു.
ഷൈമിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തുടർനടപടികൾ പൂർത്തിയായ ശേഷമേ ലഭ്യമാകൂ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഷൈമിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply