ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകളിൽ ഭൂരിഭാഗവും വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട്. ജാമി ഒലിവർ സ്ഥാപിച്ച ഭക്ഷ്യചാരിറ്റി ‘ബൈറ്റ് ബാക്ക്’ 391 സർക്കാർ സ്കൂളുകളിലെ ഭക്ഷണ മെനുകൾ പരിശോധിച്ചതിൽ നാലിൽ മൂന്ന് സ്കൂളുകളിലും കുറഞ്ഞത് ഒരു ചട്ടലംഘനമെങ്കിലും കണ്ടെത്തി. ചിപ്സ്, ബർഗർ, ഹാഷ് ബ്രൗൺ തുടങ്ങിയ കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ അനുവദനീയമായതിലധികം തവണ നൽകുന്നതാണ് പ്രധാന കണ്ടെത്തൽ.

206 സ്കൂളുകളിൽ (53 ശതമാനം) ചിപ്സ്, ഓറിയോസ്, ചോക്ലേറ്റ് ബാറുകൾ, പേസ്ട്രികൾ തുടങ്ങിയ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ലഘുഭക്ഷണമായി വിൽക്കുന്നതായി കണ്ടെത്തി. 224 സ്കൂളുകളിൽ (57 ശതമാനം) ബർഗർ, നഗറ്റ്സ്, സോസേജ് തുടങ്ങിയ മാംസവിഭവങ്ങൾ ആഴ്ചയിൽ അനുവദിച്ചിരിക്കുന്ന രണ്ട് തവണയേക്കാൾ കൂടുതലായി നൽകി. ഹാഷ് ബ്രൗൺ 144 സ്കൂളുകളിലും (37 ശതമാനം) അനുവദനീയമായതിലധികം തവണ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. 123 സ്കൂളുകൾ (31 ശതമാനം) ഡെസേർട്ടുകളിലും ബേക്കറി വിഭവങ്ങളിലും നിരോധിച്ചിട്ടുള്ള ചോക്ലേറ്റ് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണരീതികൾ ആശങ്കാജനകമാണെന്ന് ആരോഗ്യപ്രവർത്തകരും ഭക്ഷണരംഗത്തെ പ്രവർത്തകരും ചൂണ്ടിക്കാട്ടി. അതേസമയം, കിറ്റ്കാറ്റ്, ഹരിബോ, മാൽട്ടീസേഴ്സ് തുടങ്ങിയ മിഠായികൾ നേരിട്ട് വിൽക്കുന്നതിനുള്ള നിരോധനം ലംഘിച്ച സ്കൂളുകൾ എട്ട് മാത്രമാണ്. നിരോധിത പഞ്ചസാര പാനീയങ്ങൾ വച്ചുള്ളത് മൂന്ന് സ്കൂളുകളിലും മാത്രം കണ്ടെത്തി. അടുത്ത അധ്യയനവർഷം മുതൽ സൗജന്യ സ്കൂൾ ഭക്ഷണത്തിന്റെ പരിധി വിപുലീകരിക്കുന്നതിനൊപ്പം ഭക്ഷണച്ചട്ടങ്ങൾ ശക്തമാക്കാനും നിയമലംഘനങ്ങൾ തടയാൻ കർശനമായ പരിശോധനാ സംവിധാനവും ഓരോ സ്കൂളും ഭക്ഷണനയവും മെനുവും ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരാനാണ് സർക്കാർ നീക്കം.











Leave a Reply