ന്യൂഡൽഹി: കേരള പോലീസിനെ പതിറ്റാണ്ടുകളായി കുഴക്കുന്ന സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം വീണ്ടും ശക്തമാകുന്നു. ബ്രൂണെയിൽ വ്യാജപേരിൽ കഴിയുന്ന മലയാളിയായ വയോധികൻ സുകുമാരക്കുറുപ്പാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2023ൽ പകർത്തിയ ഇയാളുടെ ചിത്രങ്ങളും സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങളുമായി നടത്തിയ പരിശോധനകളും അന്വേഷണത്തിന് പുതിയ വഴിത്തിരിവായെന്നാണ് റിപ്പോർട്ട്. നാട്ടിലുള്ള ഭാര്യയുമായും മക്കളുമായും ഇയാൾ ഇപ്പോഴും ബന്ധം പുലർത്തുന്നതായും ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുള്ള ചാറ്റ് വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വിവരങ്ങൾ പരിശോധിക്കുന്നതായാണ് വിവരം.

ബ്രൂണെയിലെ മലയാളികളുടെ സഹായത്തോടെ സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്നയാളുടെ താമസസ്ഥലം കണ്ടെത്തിയത്. ഇയാൾ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടൽ കണ്ടെത്തി പിന്തുടർന്നാണ് താമസസ്ഥലത്തേക്കുള്ള വിവരങ്ങൾ ശേഖരിച്ചതെന്നാണ് റിപ്പോർട്ട്. മലേഷ്യ-ബ്രൂണെ അതിർത്തിക്ക് സമീപമുള്ള സിംപാങിലാണ് ഇയാൾ താമസിക്കുന്നതെന്നാണ് വിവരം. നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നതായും സൂചനയുണ്ട്. സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങളെ അടിസ്ഥാനമാക്കി എഐ ഉപയോഗിച്ച് തയ്യാറാക്കിയ നൂറുകണക്കിന് സാധ്യതാ ചിത്രങ്ങൾ പരിശോധിച്ചാണ് സൈബർ വിദഗ്ധൻ ഇയാളിലേക്ക് എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ബ്രൂണെയിലുള്ളയാൾ സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1984ൽ ചാക്കോയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷമാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ഒളിവിൽ പോയത്. തുടർന്ന് മുംബൈ, ഡൽഹി, ബിഹാർ, മധ്യപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജപേരുകളിലും വേഷങ്ങളിലും കഴിഞ്ഞതായി പോലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. 1990ൽ മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപം ‘ജോഷി’ എന്ന പേരിൽ താമസിച്ചതായും, അന്ന് ഗുരുതര ഹൃദ്രോഗം ബാധിച്ചതായും രേഖകളുണ്ട്. കൊൽക്കത്തയിലെ ആശുപത്രിയിൽ കണ്ടതായി ആലപ്പുഴ സ്വദേശിനിയായ നേഴ്‌സ് പോലീസിന് മൊഴി നൽകിയിരുന്നെങ്കിലും അന്വേഷണസംഘം എത്തുന്നതിന് മുമ്പ് ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് കുറുപ്പ് ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരുന്നു. 42 വർഷം നീണ്ട അന്വേഷണത്തിന് വിരാമമിടാൻ ഒരുങ്ങുന്നതിനിടെയാണ് ബ്രൂണെയിൽ നിന്നുള്ള പുതിയ സൂചനകൾ കേസിന് വീണ്ടും ജീവൻ നൽകുന്നത്.